മുനമ്പം ഭൂമിതർക്കം ; യുഡിഎഫിൽ ഏറ്റുമുട്ടൽ , സതീശൻ പറഞ്ഞത് ശരിയല്ലെന്ന് ഇ ടി മുഹമ്മദ് ബഷീർ

തിരുവനന്തപുരം
മുനമ്പം ഭൂമി വിഷയത്തിൽ യുഡിഎഫിൽ പരസ്യമായ ഏറ്റുമുട്ടൽ. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട് തള്ളി ലീഗും കോൺഗ്രസിലെ ഒരു വിഭാഗവും. മുനമ്പം വിഷയത്തിൽ ലീഗിലും കോൺഗ്രസിലുമുള്ള അഭിപ്രായ ഭിന്നതകൾ പുറത്തുവരികയാണ്. വി ഡി സതീശന്റെ അഭിപ്രായമല്ല ലീഗിനും യുഡിഎഫിനുമെന്ന് കെ എം ഷാജി തുറന്നടിച്ചു. പ്രശ്നം പരിഹരിക്കാൻ ലീഗ് മുന്നിട്ടിറങ്ങുന്നതിലും ഷാജിക്ക് യോജിപ്പില്ല. ലീഗിനല്ല, ഭരണസംവിധാനത്തിനാണ് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഉത്തരവാദിത്വമെന്നുപറഞ്ഞ ഷാജി, സാദിഖലി ശിഹാബ് തങ്ങളുടെ നിലപാടിനെ പരോക്ഷമായി തള്ളി.
ഷാജി പ്രസംഗത്തിന്റെ ആവേശത്തിൽ പറഞ്ഞതാണെന്നും താൻ പറഞ്ഞതാണ് യഥാർഥ നിലപാടെന്നും സാദിഖലി മാധ്യമങ്ങളോട് പറഞ്ഞു. ഇ ടി മുഹമ്മദ് ബഷീറും വി ഡി സതീശന്റെ നിലപാടിനെ പൂർണമായും എതിർത്തു. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന നിലപാട് അംഗീകരിക്കില്ലെന്ന് ആവർത്തിച്ചതിലൂടെ ഷാജിയെ പിന്തുണയ്ക്കുകയാണ് ബഷീർ ചെയ്തത്. ഇതേനിലപാട് കഴിഞ്ഞദിവസം എം കെ മുനീറും വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാവിനോട് ഇക്കാര്യത്തിൽ യോജിപ്പില്ലെന്നാണ് മുനീർ പറഞ്ഞത്.
വി ഡി സതീശനും ഈ വിഷയത്തിൽ നിലപാട് മാറ്റാൻ തയ്യാറല്ല. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന നിലപാടാണ് ആദ്യംമുതൽ സതീശന്റേത്. കോൺഗ്രസിലെ വലിയൊരു വിഭാഗം നേതാക്കൾക്ക് അതിനോട് യോജിപ്പില്ല. പ്രശ്നപരിഹാര ശ്രമങ്ങളോട് സഹകരിക്കണമെന്നാണ് മുതിർന്ന നേതാക്കളുടെ അഭിപ്രായം.
സതീശൻ പറഞ്ഞത് ശരിയല്ലെന്ന് ഇ ടി മുഹമ്മദ് ബഷീർ
മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്ന് മുസ്ലിംലീഗ് ലോക്‌സഭ കക്ഷിനേതാവും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ ടി മുഹമ്മദ് ബഷീർ. മറിച്ച് ആര് പറഞ്ഞാലും ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്‌താവനയോട് മുഹമ്മദ് ബഷീർ പ്രതികരിച്ചു. കെ എം ഷാജി പറഞ്ഞത് വസ്‌തുതയാണ്. 1950ൽ ഫാറൂഖ് കോളേജിനായി മുഹമ്മദ് സിറാജ് സേട്ട് വഖഫ് ചെയ്‌തതിന് റവന്യൂ രേഖകളിൽ തെളിവുണ്ട്. മുസ്ലിം ലീഗിന്റെ തീരുമാനം സാദിഖലി ശിഹാബ് തങ്ങൾ വിശദീകരിച്ചിട്ടുണ്ട്. തങ്ങൾ ഒരിടത്തും മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറഞ്ഞിട്ടില്ല. അവിടെ ഏതെങ്കിലും താമസക്കാരുണ്ടായിരുന്നെങ്കിൽ അത് മാനുഷികപ്രശ്‌നമാണ്. കെ എം ഷാജിയെ തിരുത്താൻ പി കെ കുഞ്ഞാലിക്കുട്ടി ശ്രമിച്ചത് വിവാദമാക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇ ടിയെയും ഷാജിയെയും തള്ളി സതീശൻ
മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നുള്ള മുതിർന്ന മുസ്ലിം ലീഗ് നേതാവായ ഇ ടി മുഹമ്മദ് ബഷീറിന്റെയും കെ എം ഷാജിയുടെയും അഭിപ്രായങ്ങൾ തള്ളി വി ഡി സതീശൻ. ശബരിമല ദർശനത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ഇരുവരെയും തള്ളി സതീശൻ നിലപാടെടുത്തത്.
മുസ്ലിം ലീഗുമായുൾപ്പെടെ ആലോചിച്ച് കൂട്ടായ തീരുമാനമാണ് യുഡിഎഫ് എടുത്തത്. കെ എം ഷാജിക്കുള്ള മറുപടി കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടുണ്ട്. ലീഗ് നേതാക്കളുമായി ആലോചിച്ചാണ് ബിഷപ്പുമാരുമായി ചർച്ച നടത്തിയതെന്നും സതീശൻ പറഞ്ഞു.
പരസ്യ പ്രസ്‌താവന വിലക്കി ലീഗ്
മുനമ്പം വിഷയത്തിൽ നേതാക്കൾ പരസ്‌പരം ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെ പരസ്യപ്രസ്‌താവന വിലക്കി മുസ്ലിംലീഗ്. ഇനി വിഷയത്തിൽ നേതാക്കളിൽനിന്ന് പരസ്യ പ്രതികരണമുണ്ടാകില്ലെന്ന് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മുനമ്പം വിഷയത്തിൽ ലീഗ് നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിം സംഘടനകളുമായി ആലോചിച്ചാണ് അത് പറഞ്ഞത്. അതിൽ ഉറച്ചുനിൽക്കുന്നു. ഇനി ഇക്കാര്യത്തിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് ലീഗിന്റെ അക്കൗണ്ടിൽ വരില്ല. മുനമ്പം വിഷയത്തിൽ സർക്കാർ നടപടി വേഗത്തിലാകണമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. യുഡിഎഫിൽ വിഷയം ചർച്ചചെയ്‌തശേഷം കൂടുതൽ അഭിപ്രായം പറയാമെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മുനമ്പം വിഷയത്തിൽ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ മറുപടി. കോടതികളാണ് അന്തിമ വിധി പ്രസ്‌താവിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.









0 comments