Deshabhimani

അമ്മു സജീവന്റെ മരണം: കോളേജ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റി; മൂന്ന് വിദ്യാർഥികൾക്ക് സസ്പെൻഷൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 09, 2024, 08:46 PM | 0 min read

പത്തനംതിട്ട > നഴ്‌സിങ് വിദ്യാർഥി അമ്മു സജീവന്റെ മരണത്തിൽ ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളേജ് പ്രിൻസിപ്പലിനെ സ്ഥലംമാറ്റി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. അബ്ദുൽ സലാമിനെ സീപാസിന് കീഴിൽ സീതത്തോട് പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷനിലേക്കാണ് സ്ഥലംമാറ്റിയത്. പകരം സീതത്തോട് കോളേജ് പ്രിൻസിപ്പൽ തുഷാരയെ ചുട്ടിപ്പാറ നഴ്സിങ് കോളേജിൽ നിയമിച്ചു. സംഭവത്തിലെ പ്രതികളായ കൊല്ലം പത്തനാപുരം സ്വദേശി അലീന ദിലീപ്, കോട്ടയം വാഴപ്പള്ളി സ്വദേശി എ ടി ആഷിത, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു. റിമാൻഡിൽ ആയിരുന്ന ഇവർക്ക് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്.

നവംബർ 15 നാണ് ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിലെ നാലാം വർഷ വിദ്യാർഥി തിരുവനന്തപുരം അയിരൂപാറ രാമപുരത്ത്ചിറ ശിവപുരം വീട്ടിൽ അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചത്. എൻഎസ്എസ് വർക്കിങ്  വിമൻസ് ഹോസ്റ്റലിന്റെ മൂന്നാം നിലയിൽ നിന്നും വീണ അമ്മുവിനെ ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന്‌ നില അതീവ ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു. തിങ്കളാഴ്ച അമ്മുവിന്റെ അച്ഛൻ സജീവ് ഹോസ്റ്റലിൽ എത്തി മകൾ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും മറ്റ് വസ്തുക്കളും ഹോസ്റ്റലിൽ നിന്ന് കൊണ്ടുപോയി.

ലോഗ് ബുക്ക് കാണാതായ വിഷയത്തിൽ കോളേജിലെ സൈക്യാട്രി വിഭാഗം അധ്യാപകനും കേസിൽ പ്രതികളായ കുട്ടികളും അമ്മുവിനെ മാനസികമായി പീഡിപ്പിച്ചുവെന്ന് അച്ഛൻ സജീവ് ആരോപിച്ചു. കൗൺസിലിങ് എന്ന പേരിൽ രണ്ട് മണിക്കൂറിലധികം കുറ്റവിചാരണയാണ് നടത്തിയത്. അമ്മുവിനോട് നിരപരാധിത്വം തെളിയിക്കണമെന്ന്  ആവശ്യപ്പെട്ടു. ഇതിനുശേഷമാണ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നും അമ്മു വീണ് മരിച്ചതെന്നും അധ്യാപകനെ പ്രതിയാക്കണമെന്നും സജീവ് പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ചുട്ടിപ്പാറ നഴ്സിങ് കോളേജ് പ്രിൻസിപ്പലിന് വീഴ്ച പറ്റിയെന്നും സജീവ് ആരോപിച്ചു.

 



deshabhimani section

Related News

0 comments
Sort by

Home