മുനമ്പത്തെച്ചൊല്ലി യുഡിഎഫിൽ ഭിന്നത രൂക്ഷം ; സതീശനെ തള്ളി ഷാജി , ഷാജിയെ തിരുത്തി കുഞ്ഞാലിക്കുട്ടി

മലപ്പുറം
മുനമ്പം വിഷയത്തിൽ യുഡിഎഫിൽ അഭിപ്രായ ഭിന്നത രൂക്ഷം. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്‌താവന തള്ളി മുസ്ലിംലീഗ് നേതാവ് കെ എം ഷാജി രംഗത്തെത്തി. പിന്നാലെ ഷാജിയെ തിരുത്തി ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും.
മലപ്പുറം പെരുവള്ളൂരിൽ ലീഗ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് ഷാജി, സതീശനെ തള്ളിപ്പറഞ്ഞത്. മുനമ്പത്തേത് വഖഫ് ഭൂമിതന്നെയാണ്. വഖഫ് ഭൂമി ആരാണ് വിട്ടുകൊടുത്തതെന്ന് കണ്ടെത്തണം. ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റെ അഭിപ്രായമല്ല ലീഗിനെന്നും ഷാജി തുറന്നടിച്ചു.
കോഴിക്കോട് മാധ്യമങ്ങളെ കണ്ട കുഞ്ഞാലിക്കുട്ടി ഷാജിയെ തിരുത്തി. മുനമ്പം ഭൂമി വിഷയത്തിൽ ലീഗിന്റെ നിലപാട് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞിട്ടുണ്ടെന്നും അതിനപ്പുറം മറ്റൊരു നിലപാടില്ലെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം ചെറിയൊരു വിഷയമായി ലീഗ് കാണുന്നില്ല. തങ്ങൾ റോമിൽ പോയി മാർപാപ്പയെ കണ്ടതിൽനിന്ന് ഇതു വ്യക്തമാണ്. മുനമ്പത്തിന്റെ പേരിൽ സാമുദായിക സ്‌പർധയുണ്ടാക്കാൻ ശ്രമിക്കുമ്പോൾ അതിൽ ആരുംപോയി പാർടിയാകേണ്ടതില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന വി ഡി സതീശന്റെ പ്രസ്‌താവനക്കെതിരെ വലിയ വിമർശമാണ് മുസ്ലിം സംഘടനകളിൽനിന്നുമുണ്ടായത്. എന്നാൽ സതീശനെ തള്ളാൻ ലീഗ് നേതൃത്വം തയ്യാറായില്ല. അതിലുള്ള ഭിന്നതയാണ് ഷാജിയുടെ വാക്കുകളിലൂടെ പുറത്തുവന്നത്.









0 comments