ലീ​ഗിന്റെ രാഷ്ട്രീയനേതൃത്വം ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും: എം സ്വരാജ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 08, 2024, 07:10 PM | 0 min read

മലപ്പുറം
ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും നേതൃത്വം മുസ്ലിംലീ​ഗിന്റെ രാഷ്ട്രീയനേതൃത്വമായി മാറുന്ന അപകടകരമായ പ്രവണതയാണ് നിലവിലുള്ളതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റം​ഗം എം സ്വരാജ്. സിപിഐ എം പൊന്നാനി ഏരിയാ സമ്മേളന പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പാണക്കാട്‌ മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഹൈദരലി ശിഹാബ് തങ്ങളുടെയും കാലത്ത് ലീ​ഗ് ജമാഅത്തെ ഇസ്ലാമിയുമായും പോപ്പുലർ ഫ്രണ്ടുമായും പൊതുവായൊരു അകലം പാലിച്ചിരുന്നു.

കേരളത്തിലെ മഹാഭൂരിപക്ഷം മുസ്ലിങ്ങളും ജമാഅത്തെ ഇസ്ലാമിയെയും പോപ്പുലർ ഫ്രണ്ടിനെയും സ്വീകരിക്കുന്നവരായിരുന്നില്ലെന്ന പൊതുസാഹചര്യത്തിന്റെ സ്വാധീനംകൊണ്ടുകൂടിയാവാം ലീ​ഗ് ആ നിലപാടെടുത്തത്. എന്നാൽ, ഇന്ന് ലീ​ഗിന്റെ നയരൂപീകരണ സമിതിയായി ജമാഅത്തെ ഇസ്ലാമിയുടെ പോപ്പുലർഫ്രണ്ട് പങ്കാളിത്തമുള്ള ശൂറ മാറി. ലീ​ഗിന്റെ നയം സ്വീകരിക്കുന്നത് ഈ ശക്തികളാണ്. അതിന് വിനീതമായി കീഴടങ്ങുകയാണ് ഇപ്പോഴത്തെ ലീ​ഗ്‌ പ്രസിഡന്റ്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ലീഗിന്റെ കാഴ്ചപ്രസിഡന്റ് മാത്രമായി.

ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും മുദ്രാവാക്യമാണ് കേരളത്തിലെ യുഡിഎഫും സംഘപരിവാറും ഉയർത്തിപ്പിടിക്കുന്നത്. കോൺ​ഗ്രസിന്റെ ഒരു കൈ ആർഎസ്എസിന്റെ തോളിലും മറു കൈ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും തോളിലാണ്. കേരളത്തിൽ എൽഡിഎഫിനെതിരായി ഒരുചലനമുണ്ടാക്കുകയാണ് ഇവരുടെ ശ്രമം. ഈ താൽപ്പര്യങ്ങളെ പ്രതിനിധാനംചെയ്യുന്ന ഒരുവിഭാ​ഗം മാധ്യമങ്ങളുമുണ്ട്. ഈ വിചിത്രമായ കൂട്ടുകെട്ടിനെയാണ് നാം നേരിടേണ്ടതെന്നും എം സ്വരാജ് പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home