സാഹിത്യനഗരിയിൽ ആദ്യ സ്കൂൾ ആർട്ട് ഗ്യാലറി തുറന്നു

കോഴിക്കോട് > സംസ്ഥാനത്തെ ആദ്യ സ്കൂൾ ആർട്ട് ഗ്യാലറി സാഹിത്യനഗരിയിൽ തുറന്നു. മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്മാരെയും ചലചിത്ര താരങ്ങളെയുമെല്ലാം പകർത്തിയ കാരപ്പറമ്പ് ജിഎച്ച്എസ്എസിലെ ചുവരുകളിൽ വിദ്യാർഥികളുടെ ചിത്രകലാ പ്രദർശനത്തിനുള്ള ഇടംകൂടി ഒരുങ്ങി. ലളിതകലാ അക്കാദമി സർക്കാർ സ്‌കൂളുകളിൽ നടപ്പാക്കുന്ന ‘സ്‌കൂൾ ആർട്ട് ഗ്യാലറി' പദ്ധതി കാരപ്പറമ്പ് സ്‌കൂളിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ വിദ്യാലയത്തെ നമ്പർ വണ്ണാക്കി മാറ്റിയ മാതൃകാപരമായ പ്രവർത്തനത്തിന് സാംസ്‌കാരിക വകുപ്പ് നൽകുന്ന അംഗീകാരമാണ് ആർട്ട് ഗ്യാലറിയെന്ന് മന്ത്രി പറഞ്ഞു. നല്ല മനുഷ്യരാകാൻ വിദ്യാർഥികളെ സന്നദ്ധരാക്കാൻ പാഠ്യേതര വിഷയങ്ങളും പഠിപ്പിക്കേണ്ടതുണ്ട്. എല്ലാ ജില്ലയിലെയും ഓരോ സർക്കാർ സ്‌കൂളുകളിൽ ആർട്ട് ഗ്യാലറി പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ലളിതകലാ അക്കാദമി ചെയർപേഴ്‌സൺ മുരളി ചീരോത്ത് അധ്യക്ഷനായി. മേയർ ബീന ഫിലിപ്പ് മുഖ്യാതിഥിയായി. പ്രിസം പദ്ധതി ആവിഷ്‌കരിച്ച മുൻ എംഎൽഎ എ പ്രദീപ് കുമാർ മുഖ്യഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സി രേഖ, വാർഡ് കൗൺസിലർ ശിവപ്രസാദ്, എം സന്തോഷ് കുമാർ, സി മനോജ് കുമാർ, കെ പി മനോജ്, എം ദീപാഞ്ജലി എന്നിവർ സംസാരിച്ചു. എൻ ബാലമുരളീകൃഷ്ണൻ സ്വാഗതവും ലേഖ നാരായണൻ നന്ദിയും പറഞ്ഞു.
മുതിർന്ന ചിത്രകാരന്മാരുടെ ചിത്രകലാ ക്യാമ്പും വിദ്യാർഥികൾക്കുള്ള "ദിശ' കലാപരിശീലന ക്ലാസുമുണ്ടായിരുന്നു. കലാ, സാഹിത്യ, ചരിത്ര, സാംസ്‌കാരിക, രാഷ്ട്രീയ അറിവുകൾ പകർന്നുനൽകുന്ന സ്ഥിരം പ്രദർശനത്തോടൊപ്പം ജില്ലയിലെ മുഴുവൻ വിദ്യാർഥികൾക്കും കലാസൃഷ്ടി പ്രദർശിപ്പിക്കാനും ഗ്യാലറിയിൽ സൗകര്യമുണ്ട്.
Related News

0 comments