2765 കോടി രൂപയുടെ ലോകബാങ്ക് സഹായം കാർഷിക മേഖലയ്ക്ക് കുതിപ്പ് നൽകും: മന്ത്രി പി പ്രസാദ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 07, 2024, 06:34 PM | 0 min read

ആലപ്പുഴ > കാർഷിക മേഖലയ്ക്ക് 2765 കോടി രൂപയുടെ ലോകബാങ്ക് സഹായം ലഭിക്കുന്നതിനുള്ള അന്തിമാനുമതി ലഭിച്ചതായി കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. ഇത്രയും വലിയ നിക്ഷേപം കേരളത്തിൻറെ കാർഷിക വിപണിക്ക് ശക്തി പകരും. ഇതിൽ 500 കോടി രൂപയും നെൽകൃഷി മേഖലയ്ക്കായി നീക്കിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാന കീടനിരീക്ഷണ കേന്ദ്രം മങ്കൊമ്പിന്റെ പുതിയ ഓഫീസ് കെട്ടിടം കളർകോട് അഗ്രി കോപ്ലക്‌സിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

1950 ന് ശേഷം ഇത്രയും വലിയ സഹായം കാർഷിക മേഖലയ്ക്ക് ലഭിക്കുന്നത് ഇപ്പോഴാണ്. കൃഷി ഉത്പ്പന്നങ്ങളും ഉപകരണങ്ങളും വളവും ഉൾപ്പടെ കൃഷിയുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും ഒരു കുടക്കീഴിൽ എത്തിക്കുന്ന 36 കോടി രൂപയുടെ അഗ്രിമാൾ അമ്പലപ്പുഴയിലാണ് തുടങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.ഇതിനുള്ള നടപടികൾ ധൃത ഗതിയിൽ പുരോഗമിക്കുകയാണ്. കാലാവസ്ഥാധിഷ്ഠിത ഇൻഷൂറൻസ് നടപ്പാക്കിയതിലൂടെ വിളവ് കുറഞ്ഞാലും കർഷകന് ഇൻഷൂറൻസ് തുക ലഭിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.  കീട രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് പുതിയ ഓഫീസിൽ നടക്കുക. ബയോ ഇൻപുട്ട് ലാബ്,പ്ലാൻറ് ഹെൽത്ത് ക്ലിനിക്ക് തുടങ്ങിയ സജ്ജീകരണങ്ങളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.

അമ്പലപ്പുഴ എംഎൽഎ എച്ച് സലാം ചടങ്ങിൽ അധ്യക്ഷനായി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെജി രാജേശ്വരി, കെഎൽഡിസി ചെയർമാൻ പി വി സത്യനേശൻ എന്നിവർ മുഖ്യാതിഥികളായി. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സജിത സതീശൻ,  ജില്ലാ പഞ്ചായത്ത് അംഗം ഗീതാ ബാബു, ഗ്രാമപഞ്ചായത്ത് അംഗം ജയലേഖ, പ്രിൻസിപ്പൽ കൃഷി ഓഫീസർ അമ്പിളി സി, ആത്മ പ്രൊജക്ട് ഡയറക്ടർ സഞ്ജു സൂസൻ മാത്യൂ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ. ആർ രാഹുൽ, ഇ കെ ജയൻ,അഡ്വ. പ്രദീപ് കൂട്ടാല, അഡ്വ. നാസർ പൈങ്ങാമഠം,ജമാൽ പള്ളാത്തുരുത്തി,സജീവ്, പ്രോജക്ട് ഡയറക്ടർ പി റ്റി നിഷ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിന്ധു എൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home