‘ഓവർ സ്മാർട്ടാ’കുന്നത് ഭൂമി തൂക്കിവിറ്റവർ

തിരുവനന്തപുരം
കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയുടെ പേരിൽ കള്ളക്കണ്ണീരൊഴുക്കുന്ന പ്രതിപക്ഷവും യുഡിഎഫ് മാധ്യമങ്ങളും ലക്ഷ്യം വയ്ക്കുന്നത് ഇതേ ഭൂമിയിൽ നടക്കാൻ പോകുന്ന വികസനം തടയാൻ. യുഡിഎഫ് സർക്കാരിന്റെ കരാറിൽ ഭൂമി തീറെഴുതാനുൾപ്പെടെ എല്ലാ അവകാശങ്ങളും ടീകോമിന് നൽകി. എൽഡിഎഫ് സർക്കാരാണ് അത്തരം നിബന്ധനകൾ നീക്കി കേരളത്തിന് അനുകൂലമായി കരാർ വച്ചത്. ആവശ്യക്കാർക്ക് ഭൂമി നൽകുന്നതിനും നൂലാമാലകളിൽപ്പെട്ട് ഉപയോഗശൂന്യമായി പോകാതിരിക്കാനുമാണ് സർക്കാർ ശ്രമം.
100 ഏക്കർ പാട്ടഭൂമിയും 136 ഏക്കർ അധികഭൂമിയും 38 കോടി രൂപയ്ക്ക് വിൽക്കാനുമായിരുന്നു യുഡിഎഫ് കരാർ. എൽഡിഎഫ് സർക്കാർ വിൽപ്പന ഒഴിവാക്കിയെന്നു മാത്രമല്ല, മുഴുവൻ ഭൂമിയും പാട്ടത്തിനാക്കി. ഇൻഫോ പാർക്ക് 109 കോടി രൂപയ്ക്ക് ടീകോമിന് വിൽക്കുന്നതിനും അതിന്റെ ബ്രാൻഡ് നെയിം ടീകോമിന് നൽകുന്നതിനും നിശ്ചയിച്ചിരുന്നുവെന്നതും പ്രതിപക്ഷം മറച്ചുവയ്ക്കുന്നു. എന്നാൽ എൽഡിഎഫ് സർക്കാർ ഇൻഫോപാർക്ക് വിട്ടുനൽകിയില്ല. യുഡിഎഫ് മാധ്യമങ്ങളൊഴികെയുള്ളവരും വിദഗ്ധരും പറയുന്നതും ഭൂമി ഏറ്റെടുത്ത് വികസന സാധ്യത പരമാവധി പ്രയോജനപ്പെടുത്തണം എന്നാണ്.
യുഡിഎഫ് സർക്കാരുകൾ നടത്താറുള്ള പൊള്ളയായ പ്രഖ്യാപനങ്ങളും കൊള്ളയുമാണ് അന്നത്തെ സ്മാർട്ട്‌സിറ്റി കരാർ ഓർമിപ്പിക്കുന്നത്. ലോകം ഇനി കേരളത്തിലേക്ക് വരുമെന്ന് പ്രഖ്യാപിച്ച് ഉമ്മൻചാണ്ടി സ്മാർട്ട് സിറ്റി ഉദ്ഘാടനംചെയ്തപ്പോഴും സമാന ഫലമായിരുന്നു. ഇൻഫോപാർക്കിലെ ചില കമ്പനികളെ ഇതിലേക്ക് മാറ്റി. ബാലവാടി, തട്ടുകട, വൈദ്യശാല, വക്കീൽ ഓഫീസ്, ബാങ്ക് എന്നിവയാണ് അന്ന് സ്മാർട്ട് സിറ്റിയിൽ തുടങ്ങിയതെന്നും വാർത്ത വന്നതാണ്. അതിന് മുൻപ് പ്രഖ്യാപിച്ച 50,000 കോടി രൂപയുടെ നിക്ഷേപ പദ്ധതി ജിം, അതേ പദ്ധതികൾ പേരുമാറ്റിയുണ്ടാക്കിയ "എമേർജിങ് കേരള' യും ഖജനാവിലെ പണം ധൂർത്തടിക്കാൻ മാത്രമായിരുന്നു.
"ജിം' മാമാങ്കം നടത്തി 11,159 കോടി രൂപയ്ക്കുള്ള ധാരണപത്രങ്ങൾ ഒപ്പുവയ്ക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും മൂന്നു കോടിയുടെ നിക്ഷേപം പോലും വന്നില്ല. എന്നാൽ, ഇന്ന് കേരളത്തിന്റെ ഐടി, വ്യാവസായിക രംഗത്ത് വന്ന മാറ്റങ്ങൾ ആരെങ്കിലും പറഞ്ഞ് കാണിക്കേണ്ട അവസ്ഥയില്ല. കൊച്ചിയിലെ സ്മാർട്ട് സിറ്റി സ്ഥലംകൂടി വികസിക്കുന്നത് ‘ സഹിക്കാൻ ’ കഴിയാത്തതാണ് ഇപ്പോഴത്തെ ഹാലിളക്കത്തിന് കാരണമെന്ന് വ്യക്തം.










0 comments