സീരിയൽ വിരുദ്ധനല്ല, നിരോധിക്കണമെന്നല്ല പറഞ്ഞത്; ആത്മയ്ക്ക് പ്രേംകുമാറിന്റെ മറുപടി

തിരുവനന്തപുരം> സീരിയൽ സെൻസറിങ്ങുമായി ബന്ധപ്പെട്ട തന്റെ സദുദ്ദേശ്യപരമായ പരാമർശങ്ങൾ പലതരത്തിൽ വ്യാഖ്യാനിക്കപ്പെട്ടെന്നും പ്രസ്താവനയ്‌ക്കെതിരെ അഭിനേതാക്കളുടെ സംഘടനയായ ആത്മ രംഗത്തു വന്നത് എന്തിനാണെന്ന് മനസിലായില്ലെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. ആത്മയ്‌ക്കെഴുതിയ തുറന്ന കത്തിലാണ് പ്രേംകുമാർ ഇക്കാര്യം വ്യക്തമാക്കിയത്.
"ഞാനൊരു സീരിയൽ വിരുദ്ധനല്ല. സീരിയലുകൾ നിരോധിക്കണം എന്നല്ല ഞാൻ പറഞ്ഞത്. ചില സീരിയലുകളുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള വിമർശനമാണ് ഞാൻ ഉയർത്തിയത്. ഞാൻ കൂടി അംഗമായ ആത്മയിലെ ആരെയും അപമാനിച്ചിട്ടില്ല. കാള പെറ്റെന്ന് കേട്ടയുടൻ കയർ എടുക്കരുത്.
കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സീരിയലുകളുടെ സെൻസറിങുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പത്തു വർഷങ്ങൾക്കുമുമ്പ് ഇതുസംബന്ധിച്ച് ഞാൻ പറഞ്ഞ എന്റെ നിലപാട് ആവർത്തിക്കേണ്ടിവന്നു. സദുദ്ദേശ്യത്തോടെ ഞാൻ പറഞ്ഞ കാര്യങ്ങൾ പല തരത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടത്. ഞാൻ കൂടി അംഗമായ ആത്മ എന്ന അഭിനേതാക്കളുടെ സംഘടനയിലെ ഏതെങ്കിലും ഒരംഗത്തിന്റെ അഭിനയം മോശമാണെന്ന് പറഞ്ഞിട്ടില്ല. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആരെയും വ്യക്തിപരമായി ആക്ഷേപിച്ചിട്ടുമില്ല.
പ്രമേയത്തിലും ഉള്ളടക്കത്തിലും ഉചിതമായ മാറ്റങ്ങൾ വേണമെന്ന എന്റെ അഭിപ്രായത്തെ ഈ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരും-അഭിനേതാക്കളായ നിങ്ങൾ പ്രത്യേകിച്ചും സ്വാഗതം ചെയ്യുകയും പൂർണമായും പിൻതുണക്കുകയും അല്ലേ യഥാർത്ഥത്തിൽ വേണ്ടത്? ഇപ്പോഴത്തെ ഈ അവസ്ഥയിൽ ശരിക്കും നിങ്ങൾ തൃപ്തരാണോ? ഇത് ഇങ്ങനെ തന്നെ തുടർന്നാൽ മതിയോ? ഒരു മാറ്റവും ഉണ്ടാകണ്ടേ? നിങ്ങളിൽ നിരവധിപേർ നേരിട്ടും അല്ലാതെയും ഇക്കാര്യത്തിൽ എനിക്ക് പിന്തുണ അറിയിച്ചതിന് അഭിമാനപൂർവ്വം നന്ദി പറയുന്നു.
ചർച്ചകളിലൂടെയും, സംവാദങ്ങളിലൂടെയും ആശയ രൂപീകരണം സാധ്യമാകുന്നിടത്താണ് ജനാധിപത്യം സൗന്ദര്യപൂർണമാകുന്നത്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും, ആത്മ ചൂണ്ടിക്കാട്ടിയതുപോലെ ചാനലുകൾ ഉൾപ്പെടെ എല്ലാവരും, ഒന്നിച്ചിരുന്ന് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് തുറന്ന ചർച്ചയ്ക്ക് തയ്യാറാകണം. അത്തരം ക്രിയാത്മകമായ ചർച്ചകൾക്കും സംവാദത്തിനും എപ്പോഴും ഞാൻ തയ്യാറാണ്. ആരും എന്റെ ശത്രുക്കളല്ല. നിങ്ങൾ ശത്രുപക്ഷത്ത് നിർത്തേണ്ട ഒരാളുമല്ല ഞാൻ. നിങ്ങളെ ആത്മാർത്ഥമായി സ്‌നേഹിക്കുന്ന നിങ്ങളുടെ കുടുംബാംഗം തന്നെയാണ് ഞാൻ. എന്റെ അഭിപ്രായങ്ങളും നിലപാടുകളും തികച്ചും സത്യസന്ധമാണ്. ഹൃദയത്തിൽത്തട്ടിയാണ് ഞാനത് പറഞ്ഞത്. ഇനിയും അത് പറയുക തന്നെ ചെയ്യും. എന്നെ നിശബ്ദനാക്കാമെന്ന് ആരും കരുതുകയും വേണ്ട"- പ്രേംകുമാർ കുറിച്ചു









0 comments