നാടിന്റെ ആദരവ് ഏറ്റുവാങ്ങാൻ ആൽവിൻ ഇനി വരില്ല

ആലപ്പുഴ > മരണവാർത്തയറിഞ്ഞ് ഓടിയെത്തുമ്പോൾ സാറാമ്മയ്‌ക്ക് കൈയിൽ കരുതാൻ ഒന്നുമാത്രമാണുണ്ടായിരുന്നത്. അമ്മമ്മേയെന്ന് വിളിച്ച് ഓടിയെത്തുമ്പോൾ ചേർത്തുപിടിച്ച് നെറ്റിയിൽ നൽകുന്ന പതിവുമുത്തത്തോടൊപ്പം സമ്മാനിക്കാൻ കാത്തുവച്ച അച്ഛന്റെ ജന്മനാടിന്റെ സ്‌നേഹം. നീറ്റ് പരീക്ഷയിൽ നേടിയ തിളക്കമാർന്ന വിജയത്തിന് എടത്വ പഞ്ചായത്ത് സമ്മാനിച്ച മെമന്റോ. പേരക്കുട്ടിയുടെ മരണവാർത്തയുടെ മരവിപ്പിൽ തലവടി പഞ്ചായത്ത് എട്ടാം വാർഡിലെ പള്ളിച്ചിറവീട്ടിൽ ഇരിക്കുമ്പോഴും സാറാമ്മയുടെ മാറോടുചേർന്ന് ആ സ്‌നേഹസമ്മാനമുണ്ടായിരുന്നു.
കൊച്ചുമകനുവേണ്ടി ഏറെ അഭിമാനത്തോടെ ഏറ്റുവാങ്ങിയത് മുതൽ ഭദ്രമായി കരുതിയ മെമന്റോയിലേക്ക് നിറമിഴികളോടെ ഇടയ്‌ക്കിടെ നോക്കും. പിന്നെ വിതുമ്പും...അപകടം നടന്ന കഴിഞ്ഞ തിങ്കളാഴ്‌ചയായിരുന്നു കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ, നീറ്റ് പരീക്ഷയിലെ ഉന്നത വിജയത്തിന് ആൽവിനെ എടത്വ പഞ്ചായത്ത് അനുമോദിച്ചത്. അന്നുതന്നെയായിരുന്നു ആലപ്പുഴ മെഡിക്കൽ കോളേജിലെ പുതിയ ബാച്ചിന് അനാട്ടമി പരീക്ഷ.
എംബിബിഎസിന് പ്രവേശനം നേടിയശേഷമുള്ള ആദ്യ പരീക്ഷയായതിനാൽ നാടിന്റെ അനുമോദനം ഏറ്റുവാങ്ങിയത് ആൽവിന് പകരം അമ്മൂമ്മ എടത്വ പഞ്ചായത്ത് അഞ്ചാം വാർഡ് പള്ളിച്ചിറവീട്ടിൽ സാറാമ്മ ജോർജാണ്. അപകടവാർത്ത അറിഞ്ഞതുമുതൽ പരിക്കുകളെയെല്ലാം തോൽപ്പിച്ച് അവൻ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു സാറാമ്മ. പ്രതീക്ഷകളെ തല്ലിക്കെടുത്തിയാണ് ആൽവിൻ ഇനി മടങ്ങിവരില്ലെന്ന വാർത്തയെത്തിയത്.









0 comments