കേരള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മനിയില്‍ തൊഴിലിടം

തിരുവനന്തപുരം
കേരള സ്റ്റാർട്ടപ്പുകൾക്ക് ജർമനിയിൽ തൊഴിലിടവും അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കാൻ ആഗോള ഐടി സേവന ദാതാവായ അഡെസോ ഇന്ത്യയുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ ധാരണാപത്രം ഒപ്പുവച്ചു. കോവളത്ത് നടന്ന ഹഡിൽ ഗ്ലോബലിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബികയും അഡെസോ ഇന്ത്യ മാനേജിങ് ഡയറക്ടർ ഐഎൻ പ്രമോദും ധാരണാപത്രം കൈമാറി. ബർലിനിൽ തൊഴിലിടം ലഭ്യമാകുന്നതോടെ കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് സംരംഭങ്ങൾ വികസിപ്പിക്കാനും ബിസിനസ് കൂടുതൽ മെച്ചപ്പെടുത്താനും സാധിക്കും. കേരള സ്റ്റാർട്ടപ്പുകൾക്ക് ജർമനിയിൽ വ്യവസായ ശൃംഖല വർധിപ്പിക്കാനും മെച്ചപ്പെട്ട വിപണി ലഭ്യമാക്കാനും അഡെസോ സൗകര്യമൊരുക്കിയിരുന്നു. അതിനു പിന്നാലെയാണ് തൊഴിലിടം ലഭ്യമാക്കുന്നത്.
ദൈനംദിന പ്രവർത്തനങ്ങളിൽ സഹായം, അതിവേഗ ഇന്റർനെറ്റ് തുടങ്ങിയ സേവനങ്ങളും ലഭ്യമാക്കും. ധാരണാപത്രം അനുസരിച്ച് കുറഞ്ഞത് ആറുമാസത്തേക്ക് വർക്ക് സ്‌പെയ്‌സുകൾ ഉപയോഗിക്കാനാകും. ആദ്യ മൂന്ന് മാസം വാടക ഈടാക്കില്ല. ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര സോഫ്റ്റ് വെയർ കമ്പനിയായ അഡെസോ എസ്ഇക്ക് ലോകമെമ്പാടും അറുപതിലധികം സ്ഥലങ്ങളിലായി പതിനായിരത്തിലധികം ജീവനക്കാരുണ്ട്.









0 comments