എയ്‌ഡഡ്‌ സ്‌കൂളുകളിൽ സംവരണം ; നിയമിച്ചത്‌ 445 ഭിന്നശേഷിക്കാരെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 06, 2024, 01:24 AM | 0 min read


തിരുവനന്തപുരം
സംസ്ഥാനത്തെ എയ്‌ഡഡ്‌ സ്‌കൂളുകളിൽ ഭിന്നശേഷി സംവരണപ്രകാരം നടന്നത്‌ 445 നിയമനം. ഇതിൽ 175 നിയമനങ്ങൾക്ക്‌ അംഗീകാരം ലഭിച്ചു. 213 എണ്ണത്തിൽ നടപടി പുരോഗിക്കുന്നു. വിവിധ കാരണങ്ങളാൽ 50 നിയമനങ്ങൾ നിരസിച്ചു. ഏഴുപേർ രാജിവച്ചു. എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിലും സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന നടപടികളുമായാണ്‌ സർക്കാർ മുന്നോട്ട്‌ പോകുന്നത്‌. സംസ്ഥാനത്തെ എയ്ഡഡ് പ്രൈമറി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ നിയമനങ്ങളിൽ ഭിന്നശേഷി സംവരണം നടപ്പാക്കി 2021 നവംബർ എട്ടിന്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു. ഭിന്നശേഷിസംവരണം നടപ്പാക്കാൻ നിർദേശിച്ച് സാമൂഹിക നീതിവകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് എയ്ഡഡ് സ്‌കൂൾ മാനേജർമാർ നിർബന്ധമായും പാലിക്കണമെന്ന്‌ ഹൈക്കോടതിയും കർശന നിർദ്ദേശം നൽകിയിരുന്നു. 

ഇതനുസരിച്ച്‌ മാനേജ്‌മെന്റുകൾ 1996 ഫെബ്രുവരി ഏഴു മുതൽ 2017 ഏപ്രിൽ 18 വരെ നടത്തിയ നിയമനങ്ങളിൽ മൂന്നു ശതമാനവും അതിനു ശേഷം നടത്തിയ നിയമനങ്ങളിൽ നാലു ശതമാനവും ബാക്ക് ലോഗ് (കുടിശ്ശിക) ഒഴിവുകളായി കണക്കാക്കി ഭിന്നശേഷി സംവരണം നടപ്പാക്കണം. ഒഴിവുള്ള തസ്‌തികകളിൽ കാഴ്ച പരിമിതർ, ശ്രവണ പരിമിതർ, അംഗവൈകല്യമുള്ളവർ, ലോക്കാമോട്ടർ ഡിസബിലിറ്റി/സെറിബ്രൽ പാൾസി എന്ന രീതിയിൽ റൊട്ടേഷൻ അടിസ്ഥാനത്തിൽ വേണം നിയമനം. എംപ്ലോയിമെന്റ്‌ എക്‌സ്‌ചേഞ്ചിലെ ലിസ്റ്റിൽ നിന്ന്‌ വേണം ഉദ്യോഗാർഥികളെ ക്ഷണിക്കാൻ. മാനദണ്ഡപ്രകാരം  യോഗ്യതയുള്ളവരുടെ അഭാവത്തിൽ പത്രത്തിൽ പരസ്യം നൽകി അഭിമുഖം നടത്തി മാനേജ്‌മെന്റിന്‌ നിയമനം നടത്താം. നടപടിക്രമങ്ങളെല്ലാം പാലിച്ചിട്ടും രണ്ടു വർഷത്തിനുള്ളിൽ തസ്‌തിക നികത്താൻ കഴിഞ്ഞില്ലെങ്കിൽ മാത്രം മറ്റു നിയമനങ്ങൾ നടത്താം.

 



deshabhimani section

Related News

View More
0 comments
Sort by

Home