Deshabhimani

തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പ്; ഉത്തരവ് ലംഘിച്ചു; ഭാരവാഹികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 04, 2024, 06:58 PM | 0 min read

കൊച്ചി > തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രോത്സവത്തിൽ ദൂരപരിധി പാലിക്കാതെ ആനകളെ എഴുന്നള്ളിച്ചത് കോടതി ഉത്തരവിന്റെ ലംഘനമെന്ന് ഹെെക്കോടതി. ഉത്സവത്തിന്റെ നാലാംദിനമായ ഡിസംബർ രണ്ടിന് നടത്തിയ എഴുന്നള്ളിപ്പിൽ ക്ഷേത്രം ഭാരവാഹികളെ രൂക്ഷമായി വിമർശിച്ച് ഡിവിഷൻ ബെഞ്ച്. മതത്തിന്റെ പേരിൽ എന്തും ചെയ്യാനാകില്ലെന്നും ചെയ്തത് ജാമ്യമില്ലാ കുറ്റമാണെന്നും ഹൈക്കോടതി പറഞ്ഞു.

ഹൈക്കോടതിയുടെ അധികാരത്തെ ക്ഷേത്ര ഭരണസമിതി പരസ്യമായി വെല്ലുവിളിച്ചുവെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. സുരക്ഷ കാരണമാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്ന് എന്തുകൊണ്ടാണ് മനസിലാക്കാത്തതെന്നും, മതത്തിന്റെ പേരില്‍ നിങ്ങള്‍ക്ക് എന്തും ചെയ്യാനാകില്ലെന്നും ഉത്സവത്തിനുള്ള അനുമതി റദ്ദാക്കാന്‍ ഈ ഒരു ലംഘനം തന്നെ മതിയാകുമെന്നും കോടതി പറഞ്ഞു.

തൃപ്പൂണിത്തുറ ദേവസ്വം ഓഫീസർ ആർ രഘുരാമനിൽനിന്ന് വിശദീകരണവും ഹൈക്കോടതി തേടി. കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്ന് ജസ്റ്റിസ് എ കെ ജയശങ്കരൻനമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരുൾപ്പെട്ട പ്രത്യേക ബെഞ്ച് നിർദേശിച്ചു.

ക്ഷേത്രോത്സവത്തിന്റെ എഴുന്നള്ളിപ്പ് ദിനത്തിൽ മൂന്നുമീറ്റർ ദൂരപരിധി പാലിക്കാതെ 15 ആനകളെ എളുന്നള്ളിച്ചതായി കലക്ടർ എൻ എസ് കെ ഉമേഷ് റിപ്പോർട്ട് നൽകിയിരുന്നു. വനംവകുപ്പ് അധികൃതർ ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും ദേവസ്വം ഓഫീസർ ചെവിക്കൊണ്ടില്ലെന്നും ആനകളെ തുടർച്ചയായി അഞ്ചരമണിക്കൂർ എഴുന്നള്ളിച്ചുവെന്നും കലക്ടർ ഓൺലെെനിൽ ഹാജരായി കോടതിയെ അറിയിച്ചു. സംഭവത്തിൽ വനംവകുപ്പ് കേസെടുത്തിട്ടുണ്ട്.
 



deshabhimani section

Related News

0 comments
Sort by

Home