പള്ളിത്തർക്കം രമ്യമായി പരിഹരിക്കാൻ ശ്രമം; 6 മാസം സാവകാശംതേടി സംസ്ഥാന സർക്കാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 03, 2024, 02:18 AM | 0 min read


ന്യൂഡൽഹി
പള്ളിത്തർക്കക്കേസിൽ അമിതമായ ബലപ്രയോഗമോ രക്തചൊരിച്ചലോ ഉണ്ടാകാത്ത രീതിയിൽ കോടതി ഉത്തരവ്‌ നടപ്പാക്കാനുള്ള ആത്മാർഥശ്രമങ്ങളാണ്‌ നടത്തുന്നതെന്ന്‌ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. നിശ്‌ചിത സമയത്തിനുള്ളിൽ തർക്കത്തിലുള്ള സ്വത്തുക്കളുടെ സമാധാനപൂർണമായ കൈമാറ്റം ഉറപ്പാക്കാനാണ്‌ ശ്രമം. ആറുമാസത്തെ സാവകാശംകൂടി അനുവദിക്കണമെന്നും സർക്കാർ സമർപ്പിച്ച പുതിയ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.

ഭൂരിപക്ഷം പള്ളികളും ഇതിനോടകം കൈമാറിയിട്ടുണ്ട്‌. തർക്കത്തിലുള്ള പള്ളികളുടെ കാര്യത്തിൽ കോടതി ഉത്തരവ്‌ നടപ്പാക്കാൻ ആവശ്യമായ പൊലീസ്‌, ഉദ്യോഗസ്ഥ ഇടപെടലുകളും ഉറപ്പാക്കിയിട്ടുണ്ട്‌. എന്നാൽ, സ്‌ത്രീകളെയും കുട്ടികളെയും വയോജനങ്ങളെയും മുന്നിൽനിർത്തിയുള്ള വലിയ പ്രതിഷേധങ്ങൾ കാരണം ഈ ശ്രമങ്ങൾ വിജയിച്ചില്ല. കൈമാറ്റം തികച്ചും യാന്ത്രികമായി പൂർത്തിയാക്കാൻ കഴിയില്ല. ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്കത്തിന്‌ ശാശ്വത പരിഹാരമാണ്‌ സർക്കാർ ആഗ്രഹിക്കുന്നത്‌. ബലപ്രയോഗം നടത്താതെ, എല്ലാ കക്ഷികളുമായും കൂടിയാലോചിച്ച്‌ സമാധാനപരമായി പ്രശ്‌നം പരിഹരിക്കാമെന്ന്‌ പ്രതീക്ഷയുണ്ട്‌–- ആഭ്യന്തരവകുപ്പ്‌ അഡീഷണൽ ചീഫ്‌ സെക്രട്ടറി ബിശ്വനാഥ്‌ സിൻഹ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു. പള്ളിത്തർക്കവുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകൾ എങ്ങനെയാണ്‌ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന കാര്യത്തിൽ വ്യക്തത വരുത്തി സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീംകോടതി സംസ്ഥാനസർക്കാരിന്‌ നിർദേശം നൽകിയിരുന്നു. തുടർന്നാണ്‌ സ്‌റ്റാൻഡിങ്‌ കോൺസൽ സി കെ ശശി മുഖേന സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്‌. ചൊവ്വാഴ്‌ച്ച കേസ്‌ വീണ്ടും പരിഗണിച്ചേക്കും.



deshabhimani section

Related News

View More
0 comments
Sort by

Home