ഭിന്നശേഷി ജീവനക്കാരുടെ ധർണയ്‌ക്കിടെ 
യൂത്ത് കോൺഗ്രസ് ആക്രമണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 30, 2024, 11:45 PM | 0 min read

കൽപ്പറ്റ > യൂത്ത് കോൺഗ്രസ് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ അക്രമം. സമരത്തിൽ കലക്ടറേറ്റിനുമുമ്പിൽ ധർണ നടത്തുകയായിരുന്ന ഭിന്നശേഷി ജീവനക്കാർക്കും പൊലീസുകാർക്കും പരിക്കേറ്റു. വയനാട് പുനരധിവാസം വൈകുന്നെന്നാരോപിച്ച്‌ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെയായിരുന്നു പ്രതിഷേധം. എന്നാൽ മുദ്രാവാക്യം സംസ്ഥാന സർക്കാരിനെതിരെയായിരുന്നു.

പകൽ പന്ത്രണ്ടോടെ പ്രകടനമായെത്തിയ പ്രവർത്തകർ ഒന്നാംഗേറ്റിനുമുമ്പിൽ ബാരിക്കേഡ്‌ മറികടക്കാൻ ശ്രമിച്ചു. പിന്നാലെ രണ്ടാംഗേറ്റിനടുത്തേക്ക്‌ പ്രകോപന മുദ്രാവാക്യവുമായി നീങ്ങിയ യൂത്ത്‌ കോൺഗ്രസുകാർ  എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ ഭിന്നശേഷി ജീവനക്കാർ നടത്തുന്ന സമരത്തിലേക്ക്‌ ഇരച്ചുകയറുകയായിരുന്നു. ഇതുതടയാൻ ശ്രമിച്ച കൽപ്പറ്റ എഎസ്‌ഐയെ ആക്രമിച്ചു. ഇദ്ദേഹത്തിന്‌ കൈക്ക്‌ പരിക്കേറ്റു. തുടർന്ന്‌ പൊലീസ്‌ നടത്തിയ ലാത്തിചാർജിൽ യൂത്ത്‌ കോൺഗ്രസുകാർക്കും പരിക്കേറ്റു. വനിതാ ജീവനക്കാരുൾപ്പെടെയുള്ളവരെ കസേര കൊണ്ടടിച്ചു. പല ജീവനക്കാരും നിലത്തുവീണു.

ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്ന എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ വിജയകുമാറിനെയും കസേരകൊണ്ട്‌ തലക്കടിച്ചു. തുടർന്നാണ്‌ പൊലീസ്‌ ലാത്തിചാർജും കണ്ണീർവാതകവും പ്രയോഗിച്ചത്‌. യൂത്ത്‌ കോൺഗ്രസ്‌ അക്രമത്തിൽ പരിക്കേറ്റ ജീവനക്കാരായ സുനിറ, അർഷ, വിജിത എന്നിവരെയും സംസ്ഥാന സെക്രട്ടറിയറ്റംഗം കെ വിജയകുമാറിനെയും കൽപ്പറ്റ ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലാത്തിചാർജിൽ യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ അമൽജോയി, സംസ്ഥാന സെക്രട്ടറിയറ്റംഗം ജഷീർ പള്ളിവയൽ എന്നിവർക്കും പരിക്കേറ്റു.
 



deshabhimani section

Related News

View More
0 comments
Sort by

Home