വൈകല്യങ്ങളുമായി നവജാത ശിശു പിറന്ന സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകള്‍ ആരോഗ്യവകുപ്പ് സീല്‍ ചെയ്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 30, 2024, 05:41 PM | 0 min read

ആലപ്പുഴ > ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വൈകല്യങ്ങളുമായി കുഞ്ഞ് ജനിച്ച സംഭവത്തിൽ രണ്ട്  സ്‌കാനിങ് സെന്ററുകള്‍ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു. സ്‌കാനിങ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്തത്. സംഭവത്തിൽ വകുപ്പ് മന്ത്രി വീണ ജോർജിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്. വിദഗ്ധസംഘം നടത്തുന്ന പരിശോധനകള്‍ക്കിടെ സ്‌കാനിങ് സെന്ററുകളിൽ ​ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തി.

നിയമപ്രകാരം സ്‌കാനിങ്ങിന്റെ റെക്കോര്‍ഡുകള്‍ രണ്ട് വര്‍ഷം സൂക്ഷിക്കണമെന്നാണ് നിബന്ധന. എന്നാല്‍ അന്വേഷണത്തില്‍ റെക്കോര്‍ഡുകള്‍ ഒന്നും തന്നെ ഒരു സ്ഥാപനം സൂക്ഷിച്ചിട്ടില്ലാത്തതായി കണ്ടെത്തി. വിദഗ്‌ധ സംഘം ഡിഎംഒക്ക്‌ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി. ഇവർക്കെതിരെ കേസെടുത്ത്‌ കോടതിയ്‌ക്ക്‌ കൈമാറും. അന്വേഷണങ്ങളിൽ വീഴ്ച കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കും എതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.

എന്നാൽ ഡോക്ടറുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ല എന്നും ഏഴാം മാസത്തിൽ തന്നെ കുട്ടിക്ക് അംഗവൈകല്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ഇതിനോടനുബന്ധിച്ച് നടത്തിയ ഏഴ് സ്കാനിങ് റിപ്പോർട്ടുകളിലും കുഞ്ഞിന്റെ അപകടകരമായ സ്ഥിതിയെക്കുറിച്ച് യാതൊരുവിധ സൂചനകളും ഇല്ലായിരുന്നു. തെറ്റായ റിപ്പോർട്ടുകൾ ആയിരുന്നു സ്കാനിങ് നടത്തിയ സ്വകാര്യ ലാബുകളിലേത് എന്നാണ് ഡോക്ടർമാർ പറയുന്നത്.

ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന് ഉള്ളത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുമുണ്ട്. ഗർഭകാലത്ത് പലതവണ നടത്തിയെങ്കിൽ സ്കാനിങ്ങിൽ ഡോക്ടർമാർ വൈകല്യം തിരിച്ചറിഞ്ഞില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി. കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
 



deshabhimani section

Related News

View More
0 comments
Sort by

Home