ജീവനേകാം ജീവനാകാം; അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാമൂഹിക മാധ്യമ പ്രചാരണം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 30, 2024, 03:08 PM | 0 min read

തിരുവനന്തപുരം > സംസ്ഥാനത്ത് മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനും അവയവദാന സന്ദേശം പ്രചരിപ്പിക്കുന്നതിനുമായി കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ) മൃതസഞ്ജീവനി 'ജീവനേകാം ജീവനാകാം' എന്ന പേരിൽ സംഘടിപ്പിക്കുന്ന സാമൂഹിക മാധ്യമ പ്രചാരണ പരിപാടി നാളെ ആരംഭിക്കും. നാളെ ഉച്ചയ്ക്ക് രണ്ടിന് എറണാകുളം ജനറൽ ആശുപത്രിയിൽ കിഡ്‌നി മാറ്റിവയ്ക്കൽ പ്രോഗ്രാം ഒരു വർഷം പൂർത്തിയാവുന്നതിന്റെ ആഘോഷ ചടങ്ങിൽ ആരോഗ്യ-വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാജോർജ് പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യും. ജനറൽ ആശുപത്രിയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.

'ജീവനേകാം ജീവനാകാം' എന്ന സന്ദേശം ഉൾപ്പെടുത്തിയ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചാണു പരിപാടി ഉദ്ഘാടനം ചെയ്യുക. തുടർന്നു മന്ത്രി അവയവദാന ബോധവത്ക്കരണ സന്ദേശം നൽകും. അവയവദാനവുമായി ബന്ധപ്പെട്ട് കെ-സോട്ടോ തയ്യാറാക്കിയ വീഡിയോയും പ്രകാശിപ്പിക്കും. അവയവദാനത്തിന്റെ മഹത്വം സംബന്ധിച്ച സന്ദേശം എല്ലാവരിലേക്കും എത്തിക്കുക, ഈ രംഗത്തു നിലനിൽക്കുന്ന അനാരോഗ്യകരമായ പ്രവണതകളെ തുറന്നു കാണിക്കുക, സംശയങ്ങൾ ദൂരീകരിക്കുക, വിദഗ്ധരുടെ അഭിപ്രായങ്ങളും സന്ദേശങ്ങളും എല്ലാവരിലും എത്തിക്കുക, പൊതുജനങ്ങളെ അവയവദാനത്തിനു സന്നദ്ധരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രചാരണം സംഘടിപ്പിക്കുന്നത്. ഡിസംബർ ഒന്നു മുതൽ 2025 മെയ് 31 വരെ ആറുമാസത്തെ സാമൂഹിക മാധ്യമ പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പരിപാടികൾ സംഘടിപ്പിക്കാനാണ് കെ-സോട്ടോ ഉദ്ദേശിക്കുന്നത്.

ഇതിലൂടെ കൂടുതൽ ആളുകളെ അവയവദാനത്തിനു പ്രേരിപ്പിച്ച് അവയവദാനത്തെക്കുറിച്ചുള്ള തെറ്റായ ധാരണകൾ നീക്കം ചെയ്യുക എന്നതാണു ലക്ഷ്യമെന്നും ഓരോ വ്യക്തിയും മരണാനന്തര അവയവദാനത്തിനു സന്നദ്ധരായി പ്രചാരണത്തിന്റെ ഭാഗമാകണമെന്നും കെ- സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എസ് എസ് നോബിൾ ഗ്രേഷ്യസ് അഭ്യർത്ഥിച്ചു. മരണാനന്തരം അവയവദാനം ചെയ്യാനാഗ്രഹിക്കുന്നവർക്ക്  notto.abdm.gov.in/register എന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യാം.



deshabhimani section

Related News

View More
0 comments
Sort by

Home