സർവകലാശാലകളിൽ ഐഇഡിസി 
തുടങ്ങും: മുഖ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 02:19 AM | 0 min read


തിരുവനന്തപുരം
ആരോഗ്യ, കാർഷിക സർവകലാശാലകൾക്കു കീഴിൽ സ്‌റ്റാർട്ട്അപ്പ് മിഷന്റെ ഇന്നൊവേഷൻ ആൻഡ്‌ ഓൺട്രപ്രണർഷിപ്പ് വികസനകേന്ദ്രങ്ങൾ (ഐഇഡിസി) തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഐഇഡിസി പ്രവർത്തിക്കുന്നുണ്ടെന്നും കേരള സ്‌റ്റാർട്ടപ്പ്‌ മിഷൻ സംഘടിപ്പിക്കുന്ന ഹഡിൽ ഗ്ലോബലിന്റെ ആറാംപതിപ്പ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ മുഖ്യമന്ത്രി പറഞ്ഞു.

ടെക്‌നോപാർക്ക്‌ ഫെയ്‌സ്‌ നാലിൽ എമർജിങ്‌ ടെക്‌നോളജി ഹബ് (ഇടിഎച്ച്‌) വരികയാണ്. ഭക്ഷ്യ–- കാർഷിക മേഖല, ബഹിരാകാശ സാങ്കേതികവിദ്യ, പാരമ്പര്യേതര ഊർജം, ഡിജിറ്റൽ മീഡിയ, ആരോഗ്യം  ലൈഫ് സയൻസ് എന്നീ മേഖലകൾക്കാണ് ഇവിടെ പ്രാധാന്യം നൽകുക. ടെക്‌നോസിറ്റിയിൽ മൂന്ന്‌ ഏക്കർ കാമ്പസിൽ പൊതു-സ്വകാര്യ പങ്കാളിത്ത കമ്പനിയായാണ് ഇടിഎച്ച് വിഭാവനം ചെയ്യുന്നത്. മതിപ്പുചെലവ് 350 കോടിയാണ്. ലോകമെമ്പാടുമുള്ള സ്വകാര്യ നിക്ഷേപകരും സംരംഭകരും ഇതിൽ നിക്ഷേപം നടത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്.

കേരളത്തിലെ ഐടി പാർക്കുകളിൽ സ്ഥലം ലഭിക്കുന്നതിന് നിരവധിപേർ കാത്തിരിക്കുകയാണ്. വർക്ക്നിയർ ഹോം കേന്ദ്രങ്ങളും ലീപ് സംവിധാനങ്ങളും ഇതിന് ഒരു പരിധിവരെ പരിഹാരമാകും. ഐടി മേഖലയിൽ തൊഴിൽ തേടുന്നവർ കേരളം തെരഞ്ഞെടുക്കാൻ താൽപ്പര്യം കാട്ടുന്നുണ്ട്. ഇവിടെ മികച്ച വായുവും ജലവുമാണുള്ളത്. ഗതാഗത സംവിധാനങ്ങളും മികച്ചതാണ്‌–- മുഖ്യമന്ത്രി പറഞ്ഞു.ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അധ്യക്ഷയായി. ഐടി സെക്രട്ടറി രത്തൻ യു ഖേൽക്കർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. കോവളം ലീല റാവിസിൽ നടക്കുന്ന ഹഡിൽ ഗ്ലോബൽ ശനിയാഴ്‌ച സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home