ഖത്തറിൽ നിന്ന് കൊച്ചിയിലേക്ക്; ആദ്യം പറന്നെത്തി "ഇവ'

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2024, 05:22 PM | 0 min read

കൊച്ചി > വിദേശത്തു നിന്ന് വളർത്തുമൃഗങ്ങളെ കൊണ്ട് വരാനുള്ള സർട്ടിഫിക്കേഷൻ ഒക്ടോബറിൽ ലഭിച്ചതിനു ശേഷം  ആദ്യമായി ഒരു ഓമനമൃഗം കൊച്ചി വിമാനത്താവളത്തിലേക്ക് പറന്നിറങ്ങി. സങ്കരയിനത്തിൽപെട്ട ഒരു വയസുകാരി  'ഇവ' എന്ന വെളുത്ത പൂച്ചകുട്ടിയാണ് വ്യാഴാഴ്ച രാവിലെ 10.17 ന് എയർ ഇന്ത്യയുടെ എ.ഐ 954 വിമാനത്തിൽ ദോഹയിൽ നിന്ന് കൊച്ചിയിലെത്തിയത്. തൃശൂർ ചേലക്കര സ്വദേശിയായ കെ എ രാമചന്ദ്രന്റെ  ഓമനയാണ് 'ഇവ'.

“മികച്ച സേവനമാണ് സിയാൽ നൽകിയത്. കസ്റ്റംസ്, ഇമിഗ്രേഷൻ നടപടിക്രമങ്ങൾ ആയാസരഹിതമായി വളരെ പെട്ടെന്ന് തന്നെ പൂർത്തിയാക്കി പുറത്തിറങ്ങാൻ  സാധിച്ചു. 'ഇവ'യെ  കൊണ്ട് വരാനുള്ള പ്രക്രിയകൾ സുഗമമാക്കി തന്ന സിയാലിന് നന്ദി", തന്റെ ഓമനമൃഗത്തോടൊപ്പം കൊച്ചിയിലെത്തിയ രാമചന്ദ്രൻ പറഞ്ഞു.

വിദേശത്തേക്ക് മൃഗങ്ങളെ അയക്കുന്നതിനും അവിടെനിന്ന് കൊണ്ടുവരുന്നതിനും അനുമതി നൽകുന്ന അനിമൽ ക്വാറന്റൈൻ ആൻഡ് സർട്ടിഫിക്കേഷൻ സേവനം (എക്യുസിഎസ്) കൊച്ചിയിൽ ആരംഭിച്ച ശേഷം ആദ്യമായെത്തുന്ന വളർത്തുമൃഗമാണ് ഇവ. ഈ വർഷം ജൂലൈയിലാണ് 'പെറ്റ് എക്സ്പോർട്ട്' സൗകര്യം സിയാലിൽ നിലവിൽ വന്നത്. വരുംദിവസങ്ങളിലും സമാനമായ രീതിയിൽ വളർത്തുമൃഗങ്ങൾ കൊച്ചി വിമാനത്താവളത്തിലെത്തിച്ചേരും. മുമ്പ് മൃഗങ്ങളെ വിദേശത്തുനിന്ന് കൊണ്ടുവരുന്നതിന് ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളിൽ മാത്രമാണ് അനുമതി ഉണ്ടായിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home