ഹഡില്‍ ഗ്ലോബലിന്‌ നാളെ തുടക്കം ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 27, 2024, 12:45 AM | 0 min read


തിരുവനന്തപുരം
കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്‌യുഎം) സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സമ്മേളനമായ ഹഡിൽ ഗ്ലോബൽ ആറാം പതിപ്പിന് വ്യാഴാഴ്‌ച കോവളത്ത് തുടക്കമാകും. ത്രിദിന സമ്മേളനം വ്യാഴം വൈകിട്ട് നാലിന് കോവളം ലീല റാവിസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സെഷനു മുൻപായി സ്റ്റാർട്ടപ്പ് പ്രതിനിധികളുമായി മുഖ്യമന്ത്രി സംവദിക്കുമെന്ന്‌ സ്‌റ്റാർട്ടപ്പ്‌ മിഷൻ സിഇഒ അനൂപ്‌ അംബിക വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിന്റെ കരുത്തുറ്റ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ മികവ് പ്രകടിപ്പിക്കാനും കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും ആഗോള ബിസിനസ് പങ്കാളിത്തംഉറപ്പിക്കുന്നതിനുമുള്ള സാധ്യതകൾക്ക് ഹഡിൽ ഗ്ലോബൽ വഴിയൊരുക്കും. പുതിയ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഉൽപ്പന്നങ്ങളും സേവനങ്ങളും വൻതോതിൽ ലഭ്യമാക്കുന്ന ആഗോള കേന്ദ്രമാക്കി കേരളത്തെ മാറ്റുക എന്നതാണ് പ്രധാന ലക്ഷ്യം. എംഎസ്എംഇ മേഖലയിലെ സംരംഭകർക്ക് ഡിജിറ്റൽ പരിവർത്തനത്തിനുള്ള പ്ലാറ്റ്ഫോം സജ്ജമാക്കും. ചെലവ് കുറയ്ക്കുന്നതിനൊപ്പം ബിസിനസ് വർധിപ്പിക്കാനും ചെറുകിട സംരംഭകർക്ക് ഇതിലൂടെ സാ
ധിക്കും.

സ്റ്റാർട്ടപ്പുകൾക്ക് ഉൽപ്പന്നങ്ങൾ ലോകമെമ്പാടുമുള്ള നിക്ഷേപകർക്കു മുന്നിൽ അവതരിപ്പിക്കാനാകും. ഊർജം, ആരോഗ്യസംരക്ഷണം, ഡിജിറ്റൽ മീഡിയയും വിനോദവും, ഭക്ഷ്യ ഉൽപ്പന്നങ്ങളും കൃഷിയും, ബഹിരാകാശം തുടങ്ങി അഞ്ച് മേഖലയിലെ മുന്നേറ്റങ്ങൾ എമർജിങ് ടെക്‌നോളജി സോണിൽ പ്രദർശിപ്പിക്കും. കൃഷി, ബഹിരാകാശം, വ്യവസായ മേഖല എന്നിവയിലെ പുത്തൻ സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട മൂന്ന് റൗണ്ട് ടേബിൾ ചർച്ച നടക്കും. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, പി രാജീവ്‌, ആർ ബിന്ദു എന്നിവർ പങ്കെടുക്കും.

ലോകമെമ്പാടുമുള്ള വ്യവസായ പ്രമുഖർ, സ്റ്റാർട്ടപ്പ് മേഖലയിലെ വിദഗ്ധർ, ഇന്നൊവേറ്റേഴ്സ്, ഉപദേഷ്ടാക്കൾ, ഫണ്ടിങ്‌ ഏജൻസികൾ തുടങ്ങിയവർ സമ്മേളനത്തിന്റെ ഭാഗമാകും. കെഎസ്‌യുഎം സീനിയർ മാനേജർ അശോക് പഞ്ഞിക്കാരൻ, പിആർ ആൻഡ് മീഡിയ അസിസ്റ്റന്റ്‌ മാനേജർ അഷിത എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. വിവരങ്ങൾക്ക്:  www.huddleglobal.co.in.



deshabhimani section

Related News

View More
0 comments
Sort by

Home