ആദിവാസി കുടിലുകൾ പൊളിച്ച സംഭവം: ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത് വനം വകുപ്പ്; മനുഷ്യാവകാശ കമീഷൻ കേസെടുത്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 02:45 PM | 0 min read

വയനാട് > വയനാട്ടിൽ ആദിവാസി കുടുംബങ്ങളുടെ കുടിലുകൾ പൊളിച്ച സംഭവത്തിൽ ഉദ്യോ​ഗസ്ഥനെതിരെ നടപടിയെടുത്ത് വനം വകുപ്പ്. തോൽപ്പെട്ടി റെയ്ഞ്ചിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി കൃഷ്ണനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. വനംമന്ത്രി എകെ ശശീന്ദ്രൻ നൽകിയ നിർദ്ദേശത്തിൻറെ അടിസ്ഥാനത്തിൽ ക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ടി എസ് ദീപയാണ് നടപടി സ്വീകരിച്ചത്. തോൽപ്പെട്ടി റേഞ്ചിലെ കൊള്ളിമൂല സെറ്റിൽമെന്റിൽ നിന്നും ബലമായി ഒഴിപ്പിച്ച മൂന്നു കുടുംബങ്ങൾക്കും ഉടൻ തന്നെ സ്ഥലത്ത് ഷെഡ്ഡ് കെട്ടിനൽക്കാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എഴുതി ഒപ്പിട്ട് നൽകിയിട്ടുണ്ട്.

കൊള്ളിമൂല കോളനിയിലെ മൂന്ന് ആദിവാസി കുടുംബത്തിന്റെ  കുടിലാണ് വന്യജീവി സങ്കേതത്തിലെ കയ്യേറ്റമെന്ന് കാട്ടി ഉദ്യോ​ഗസ്ഥർ പൊളിച്ചത്. 16 വർഷമായി താമസിക്കുന്ന കുടുംബങ്ങളുടെ കുടിലുകളാണ് പൊളിച്ചു നീക്കിയത്. സംഭവത്തിൽ സിപിഐ എം ഉൾപ്പെടെ പ്രതിഷേധവുമായി രം​ഗത്തു വന്നു. പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ മൂന്നു കുടുംബങ്ങളെ ഫോറസ്റ്റ് ഓഫീസിലെ താമസ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മാനന്തവാടി ഡിഎഫ്ഒയും വയനാട് ജില്ലാ കളക്ടറും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് നിർദ്ദേശിച്ചു. സുൽത്താൻ ബത്തേരിയിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home