കളമശേരി കൊലപാതകം; പ്രതി എത്തിയത് മദ്യവും ഡംബലുമായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 01:13 PM | 0 min read

കൊച്ചി> കളമശേരിയില്‍ അപ്പാര്‍ട്ട്‌മെന്റില്‍ കൊല്ലപ്പെട്ട ജെയ്‌സി എബ്രഹാമിന്റെ മരണകാരണം തലയ്‌ക്കേറ്റ മാരകമായ മുറിവ്. പ്രതിയായ ഗിരീഷ് ബാബു ജെയ്‌സിയെ കൊലപ്പെടുത്തിയത് ഡംബല്‍ ഉപയോഗിച്ച്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരിയായിരുന്ന ജെയ്‌സിയുടെ സുഹൃത്തുക്കളാണ് പ്രതികളായ ഗിരീഷ് ബാബുവും ഖദീജയും.

ഏറെ നാളത്തെ ആസൂത്രണത്തിന് ശേഷമാണ് ​ഗിരീഷ് ജെയ്സിയെ കൊലപ്പെടുത്തിയത്. സ്വര്‍ണവും പണവും കവരുന്നതിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനായിരുന്നു കവര്‍ച്ചയ്ക്ക് പ്രതികള്‍ ശ്രമിച്ചത്. രണ്ടുമാസത്തോളം ഇരുവരും ഇതിനായി ഗൂഢാലോചന നടത്തി.

ജെയ്സിയുടെ ആഭരണങ്ങളും 2 മൊബൈൽ ഫോണുകളും നഷ്ടപ്പെ‌ട്ടി‌രുന്നു. ​ഗിരീഷിന്റെ സുഹൃത്തായ ഖദീജയുടെ വീട്ടിൽ വച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഖദീജയും പൊലീസ് പിടിയിലായിട്ടുണ്ട്.

സംഭവദിവസം സഹോദരന്റെ ബൈക്കിലാണ് ഗിരീഷ് ജെയ്‌സിയുടെ വീട്ടിലേക്ക് പുറപ്പെട്ടത്. ഉണ്ണിച്ചിറയില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത ശേഷം രണ്ട് ഓട്ടോകള്‍ മാറിക്കയറി ജെയ്‌സി താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലെത്തി. ബാ​ഗിൽ മ​​ദ്യവുമായെത്തിയ ​ഗിരീഷ് ജെയ്‌സിയുമൊത്ത് മദ്യപിച്ചു. മദ്യലഹരിയില്‍ ജെയ്‌സി അബോധാവസ്ഥയിലായതോടെ ബാഗില്‍ കരുതിയിരുന്ന ഡംബലെടുത്ത് ഗിരീഷ് ജെയ്‌സിയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മരണമുറപ്പാക്കിയ ശേഷം മൃതദേഹം ശൗചാലയത്തിലേക്ക് മാറ്റി. തുടര്‍ന്ന് ജെയ്‌സിയുടെ രണ്ട് സ്വര്‍ണവളകളും രണ്ട് മൊബൈല്‍ ഫോണുകളും കവര്‍ന്ന ശേഷം ഇയാള്‍ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു.
 



deshabhimani section

Related News

View More
0 comments
Sort by

Home