ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: സ്റ്റേയില്ല; കോൺഗ്രസ് ആവശ്യം തളളി ഹൈക്കോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 25, 2024, 02:51 PM | 0 min read

കൊച്ചി> കോഴിക്കോട് ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് വിജയം ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യണണെന്ന കോൺഗ്രസിന്റെ ആവശ്യം തള്ളി ഹൈക്കോടതി. തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർത്ഥികൾ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.

ഈ മാസം 16ന് നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട പതിനൊന്ന് കോൺഗ്രസ് നേതാക്കൾ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. തെരഞ്ഞെടുക്കപ്പെട്ടവരെ അയോഗ്യരാക്കണം, പുതിയ ഭരണസമിതി നയപരമായ തീരുമാനം എടുക്കുന്നത് വിലക്കണം, ഇക്കാര്യങ്ങളിൽ ഹൈക്കോടതി അടിയന്തിരമായി ഇടപെട്ട് ഇടക്കാല  ഉത്തരവ് പുറപ്പെടുവിക്കണം എന്നിവയായിരുന്നു ഹർജിക്കാരുടെ ആവശ്യങ്ങൾ.

എന്നാൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, ഭരണ സമിതി അംഗങ്ങളെ അയോഗ്യരാക്കണമെന്ന ആവശ്യവും നിരസിച്ചു. നയപരമായ തീരുമാനമെടുക്കുന്നത് വിലക്കണമെന്ന ആവശ്യവും കോടതി പരിഗണിച്ചില്ല. ഈ മാസം 16ന് നടന്ന തെരഞ്ഞെടുപ്പിൽ ഇടത് പക്ഷ പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് വിമതരായിരുന്നു വിജയിച്ചത്. തെരഞ്ഞെടുപ്പിൽ വ്യാപക അക്രമം നടന്നുവെന്നും പലർക്കും വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്നുമായിരുന്നു പരാജയപ്പെട്ടവരുടെ പരാതി.

ഹൈക്കോടതി ഇടപെടാൻ തയ്യാറാകാതിരുന്നത് ഹർജിക്കാരായ കോൺഗ്രസ് നേതാക്കൾക്ക് തിരിച്ചടിയായി. നയപരമായ തീരുമാനം എടുക്കുന്നത് വിലക്കാനാവില്ലന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജി പരിഗണിച്ച് ഇടക്കാല ഉത്തരവ് നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഹർജിയിൽ ഹൈക്കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home