എന്റെ സ്വത്ത്‌ 
ആർഎസ്‌എസിന്‌ 
തന്നെ , കോൺഗ്രസുമായി ആലോചിച്ച്‌ തുടർനടപടി : സന്ദീപ്‌ വാര്യർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 19, 2024, 11:41 PM | 0 min read


കൊച്ചി
കാര്യാലയം നിർമിക്കാൻ  തറവാടുവക ഭൂമി ആർഎസ്‌എസിനുതന്നെ വിട്ടുനൽകുമെന്ന്‌ ബിജെപിയിൽനിന്ന് രാജിവച്ച്‌ കോൺഗ്രസ്‌ അംഗത്വം സ്വീകരിച്ച സന്ദീപ്‌ വാര്യർ.  ആർഎസ്‌എസ്‌ ശാഖ നടത്താനല്ല, ഓഫീസ്‌ നിർമിക്കാനാണ്‌ ഭൂമി നൽകുന്നത്‌. കോൺഗ്രസുമായി ആലോചിച്ച്‌ തുടർനടപടി തീരുമാനിക്കുമെന്നും സന്ദീപ്‌ വാര്യർ കൊച്ചിയിൽ മാധ്യമങ്ങളോട്‌ പ്രതികരിച്ചു.

ബിജെപി വിട്ട്‌ കോൺഗ്രസിൽ ചേർന്നെങ്കിലും നേരത്തേ ആർഎസ്‌എസിന്‌ നൽകിയ വാക്ക്‌ മാറ്റില്ല. വളരെമുമ്പ്‌ നൽകിയ വാഗ്‌ദാനമാണ്‌. വർഷങ്ങൾ കഴിഞ്ഞിട്ടും ആ ഭൂമിയിൽ കാര്യാലയം നിർമിക്കാൻ ആർഎസ്‌എസിനായിട്ടില്ല. ഇനിയും ഒരുവർഷംകൂടി നൽകും. അതിനുള്ളിൽ അവർക്ക്‌ ഭൂമി ഏറ്റെടുത്ത്‌ ഇഷ്ടമുള്ളതുപോലെ ചെയ്യാം. ആർഎസ്‌എസ്‌ ആവശ്യപ്പെടുന്ന എവിടെ വേണമെങ്കിലും ഒപ്പിടാൻ തയ്യാറാണ്‌. അമ്മയ്‌ക്ക്‌ അവകാശം കിട്ടിയ ഭൂമിയാണത്‌. അമ്മ രോഗബാധിതയായി കിടക്കുന്ന സമയത്തായതിനാൽ ആർഎസ്‌എസിന്‌ രേഖകളൊന്നും നൽകാൻ കഴിഞ്ഞില്ല. അമ്മ മരിച്ചശേഷം ഞാനാണ്‌ ആ സ്വത്തെല്ലാം കൈകാര്യം ചെയ്യുന്നത്‌. ബിജെപിയിൽ പ്രവർത്തിച്ചിരുന്ന കാലത്തെ നിലപാടുകളെല്ലാം കോൺഗ്രസിൽ ചേർന്നതോടെ മാറി. മുൻ നിലപാടുകൾ പറഞ്ഞ്‌ ആക്ഷേപിക്കുന്നതുകൊണ്ട്‌ കാര്യമില്ല. –- സന്ദീപ്‌ വാര്യർ പറഞ്ഞു.

മണ്ണാർകാട്‌ ചെത്തല്ലൂരിലാണ്‌ സന്ദീപ്‌ വാര്യർക്ക്‌ കുടുംബസ്വത്തായി ഭൂമിയുള്ളത്‌. അതിൽനിന്നാണ്‌ ആർഎസ്‌എസ്‌ ഓഫീസ്‌ നിർമാണത്തിനാവശ്യമായ ഭൂമി സൗജന്യമായി വിട്ടുനൽകുന്നത്‌.



deshabhimani section

Related News

0 comments
Sort by

Home