Deshabhimani

കണ്ണിൽചോരയില്ലാതെ... കേരളത്തിന്റെ പ്രധാന 
ആവശ്യങ്ങളെല്ലാം 
നിരാകരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2024, 11:17 PM | 0 min read


തിരുവനന്തപുരം
മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിലും കേരളത്തെ കൈയൊഴിഞ്ഞ്‌ മോദി സർക്കാർ. രാജ്യം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടലിനെ  ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്നാണ് കേന്ദ്ര നിലപാട്. സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് അയച്ച കത്തിനുള്ള മറുപടിയിലാണ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായി ഇക്കാര്യം അറിയിച്ചത്. കേരളം ഉന്നയിച്ച പ്രധാന ആവശ്യങ്ങളെല്ലാം നിരാകരിച്ചു

ദേശീയ ദുരന്ത പ്രതികരണനിധിയുടെ മാനദണ്ഡമനുസരിച്ച് ‘ഡിസാസ്റ്റർ ഓഫ്‌ സിവിയർ നേച്ചർ' ആയി പ്രഖ്യാപിച്ചാൽ പുനരധിവാസത്തിന് കൂടുതൽ തുക അന്തർദേശീയ, ബഹുരാഷ്ട്ര സ്ഥാപനങ്ങളിൽനിന്ന്‌ കണ്ടെത്താനാകും. ഒപ്പം ദേശീയ ദുരന്ത പ്രതികരണനിധിയിൽനിന്ന്‌ സഹായവും ലഭിക്കും.
ദുരന്തനിവാരണ നിയമത്തിന്റെ സെക്‌ഷൻ 13 പ്രകാരം ദേശീയ ദുരന്തനിവാരണ അതോറിറ്റിയിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് ദുരന്തബാധിതരുടെ വായ്‌പകൾ എഴുതിത്തള്ളുക,  ദുരന്ത പ്രതികരണനിധിയിൽനിന്ന്‌ അടിയന്തര സഹായം അനുവദിക്കുക എന്നിവയായിരുന്നു മറ്റാവശ്യങ്ങൾ. ഇതിന് മറുപടിയുണ്ടായില്ല.

സംസ്ഥാന ദുരന്ത പ്രതികരണനിധിയിലെ തുക സംബന്ധിച്ച്‌ കൃത്യമായ കണക്ക്‌ ഹൈക്കോടതിയിൽ ഉൾപ്പെടെ കേരളം അറിയിച്ചതാണ്‌. ധനകാര്യ കമീഷൻ കേരളത്തിന്‌ ദുരന്ത പ്രതികരണത്തിനായി വർഷാവർഷം അനുവദിക്കുന്ന  ഈ തുകയാണ്‌  ചെറുതും വലുതുമായ വിവിധ ദുരന്തങ്ങൾക്ക് വിനിയോഗിക്കുന്നത്. കണിശമായ മാനദണ്ഡം അനുസരിച്ചാണ് ഈ തുക വിനിയോഗിക്കാറ്. വർഷം ശരാശരി 400 കോടി രൂപയാണ്‌ കേരളം ഇത്തരത്തിൽ ചെലവഴിക്കുന്നത്‌. നിലവിൽ ഫണ്ടിലുള്ള 291.2 കോടി വയനാടിന്‌ അനുവദിച്ചതല്ല എന്നതാണ്‌ വസ്‌തുത.

വയനാട്‌ ഉരുൾപൊട്ടലിൽ 1,200 കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിട്ടുള്ളത്‌ എന്നിരിക്കെ കേരളത്തെ വീണ്ടും അപഹസിക്കുകയാണ്‌ കേന്ദ്രം. മുമ്പ്‌ പ്രളയബാധിതർക്ക്‌ നൽകാൻ അനുവദിച്ച അരിക്ക്‌ വില ഈടാക്കുകയും രക്ഷാപ്രവർത്തനത്തിനുള്ള ഹെലികോപ്ടറിനു വാടക ഈടാക്കുകയും ചെയ്‌തിരുന്നു.
 



deshabhimani section

Related News

0 comments
Sort by

Home