Deshabhimani

കള്ളപ്പണത്തിനു 
പിന്നാലെ വ്യാജമദ്യവും ; പാലക്കാട്ട്‌ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ കോൺഗ്രസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 11, 2024, 01:08 AM | 0 min read


പാലക്കാട്‌
ഉപതെരഞ്ഞെടുപ്പ്‌  അട്ടിമറിക്കാൻ കള്ളപ്പണത്തിനുപിന്നാലെ വ്യാജമദ്യവും ഒഴുക്കി കോൺഗ്രസ്‌. ശനിയാഴ്‌ച പാലക്കാട്‌ ചിറ്റൂർ എരുത്തേമ്പതിയിൽ 1,326 ലിറ്റർ സ്‌പിരിറ്റുമായി സജീവ കോൺഗ്രസ്‌ പ്രവർത്തകൻ പിടിയിലായതോടെയാണ്‌ നീക്കം പുറത്തറിഞ്ഞത്‌.ഉപതെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ കോൺഗ്രസ്‌ വൻതോതിൽ മദ്യം എത്തിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന്‌ ഇന്റലിജൻസ്‌ ബ്യൂറോയ്‌ക്ക്‌ വിവരം ലഭിച്ചിരുന്നു. തുടർന്നാണ് ജില്ലയിൽ പരിശോധന വ്യാപകമാക്കിയത്‌. ചിറ്റൂർ വണ്ണാമട മെത്തവീട്ടിൽ മുരളി എന്ന കോൺഗ്രസ്‌ പ്രവർത്തകന്റെ തെങ്ങിൻതോപ്പിൽ സൂക്ഷിച്ച 39 കന്നാസ്‌ സ്‌പിരിറ്റാണ്‌ പിടിച്ചെടുത്തത്‌.

സജീവ കോൺഗ്രസ്‌ പ്രവർത്തകനായ മുരളി, ജില്ലയിലെ കോൺഗ്രസിന്റെ മുതിർന്ന നേതാവും   എരുത്തേമ്പതി പഞ്ചായത്ത്‌ പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായിരുന്ന ഗോപാലസാമി കൗണ്ടറുടെ സഹോദരപുത്രനാണ്‌.  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ  ഷാഫി പറമ്പിൽ, സുമേഷ്‌ അച്യുതൻ എന്നിവരുടെ പ്രചാരണത്തിലും ഇയാൾ സജീവമായിരുന്നു. വെള്ളിയാഴ്‌ച ചിറ്റൂരിൽ സ്‌കൂട്ടറിൽക്കൊണ്ടുവന്ന 102 ലിറ്റർ സ്‌പിരിറ്റ്‌ എക്‌സൈസ്‌ പിടിച്ചിരുന്നു. സ്‌കൂട്ടർ ഓടിച്ചയാൾ രക്ഷപ്പെട്ടെങ്കിലും ആർസി ബുക്ക്‌ പരിശോധിച്ചപ്പോൾ മുരളിയുടേതാണെന്ന്‌ കണ്ടെത്തി. തുടർന്ന്‌ ഇയാളെ പിടികൂടി നടത്തിയ പരിശോധനയിലാണ്‌ സ്‌പിരിറ്റ്‌ പിടിച്ചത്‌. 

കർണാടകത്തിൽനിന്നാണ്‌  സ്‌പിരിറ്റ്‌ എത്തിച്ചതെന്ന്‌ എക്‌സൈസ്‌ പറഞ്ഞു.   ഇതിന്‌ ഉന്നതരുടെ സഹായം ലഭിച്ചതായും സംശയിക്കുന്നു. റിമാൻഡിലായ പ്രതിയെ കസ്‌റ്റഡിയിൽവാങ്ങി  ചോദ്യം ചെയ്യുമ്പോൾ കൂടുതൽ വിവരങ്ങൾ കിട്ടുമെന്ന്‌ കരുതുന്നതായി എക്‌സൈസ്‌ വൃത്തങ്ങൾ പറഞ്ഞു.  സ്പിരിറ്റ് പിടിച്ചെടുത്ത സംഭവത്തിൽ കോൺഗ്രസ്‌ നേതൃത്വം മറുപടി പറയണമെന്നും ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു ആവശ്യപ്പെട്ടു.

 



deshabhimani section

Related News

0 comments
Sort by

Home