Deshabhimani

കള്ളപ്പണത്തിനു പുറമെ കോൺഗ്രസ്‌ മദ്യവും ഒഴുക്കുന്നു: മന്ത്രി എം ബി രാജേഷ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 10, 2024, 04:40 PM | 0 min read

പാലക്കാട്‌> പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായ കോൺഗ്രസ്‌ കള്ളപ്പണത്തിനു പുറമെ മദ്യവും ഒഴുക്കുകയാണെന്ന്‌ മന്ത്രി എം ബി രാജേഷ്‌. കള്ളപ്പണവും മദ്യവും ഒഴുക്കി തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനാണ്‌ കോൺഗ്രസ്‌ ശ്രമിക്കുന്നത്‌. 1306 ലിറ്റർ സ്‌പിരിറ്റാണ്‌ ചിറ്റൂരിൽ  കോൺഗ്രസ്‌ പ്രവർത്തകന്റെ വീട്ടിൽ നിന്ന്‌ പിടിച്ചത്. പിടിയിലായ ആളുടെ പിതൃസഹോദരൻ ജില്ലാപഞ്ചായത്തംഗമായ കോൺഗ്രസ്‌  നേതാവാണ്‌.

സ്‌പിരിറ്റ്‌ സൂക്ഷിച്ചത്‌ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനാണ്‌. ഈ സംഭവത്തിൽ കോൺഗ്രസ്‌ നേതാക്കളും പ്രതിപക്ഷ നേതാവിന്റെയും പ്രതികരണമില്ലാത്തത്‌ എന്താണ്‌.  സ്‌പിരിറ്റ്‌ പിടിച്ചത്‌ മന്ത്രിയുടെ ഗൂഡാലോചനയാണെന്ന്‌ പറയുമായിരിക്കും. ഹോട്ടലിൽ നിന്ന്‌ തൊണ്ടിമുതൽ പിടിക്കാനായില്ല. ചിറ്റൂരിൽ നിന്ന്‌ തൊണ്ടിമുതൽ കൈയ്യോടെ പിടിച്ചു. കൈയ്യോടെ പിടിച്ചപ്പോൾ ഇവർക്ക്‌ മിണ്ടാട്ടമില്ല. നേരായ വഴിക്ക്‌ തെരഞ്ഞെടുപ്പിൽ ജയിക്കില്ലെന്നുറപ്പായപ്പോൾ അധാർമികമായ മാർഗം ഉപയോഗിക്കുകയാണ്‌. മദ്യവും പണവും ഒഴുക്കുന്നതിനെതിരെ എൽഡിഎഫ്‌ പ്രവർത്തകർ  ജാഗ്രത പുലർത്തും.

കള്ളപ്പണം, കള്ളമദ്യം, കള്ളക്കാർഡ്‌ ഇതാണ്‌ പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ പ്രയോഗിക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ കമീഷന്റെ വ്യാജ ഐഡി കാർഡുകൾ ഉണ്ടാക്കിയ പ്രതികൾ പാലക്കാട്‌ തമ്പടിച്ചിട്ടുണ്ട്‌. വ്യാജകാർഡ്‌ ഉപയോഗിച്ച്‌ കള്ളവോട്ട്‌ ചെയ്യുന്നതിനാണ്‌ ശ്രമിക്കുന്നത്‌. അവസാന വൈക്കോൽ തുരുമ്പായാണ്‌ മുനമ്പം വിഷയം വർഗീയധ്രുവീകരണത്തിനായി ബിജെപി ഉയർത്തുന്നത്‌. ബിജെപി വിദൂരമായ മൂന്നാംസ്ഥാനത്താണെന്നും  എം ബി രാജേഷ്‌ പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home