Deshabhimani

പാലക്കാട്‌ കള്ളപ്പണം എത്തിച്ച്‌ കോൺഗ്രസ്‌ ; തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ പരിശോധന

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 06, 2024, 02:53 AM | 0 min read


പാലക്കാട്‌
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ്‌  അട്ടിമറിക്കാൻ കോൺഗ്രസ്‌ കള്ളപ്പണം എത്തിച്ചതായി സംശയം. പാലക്കാട്‌ നഗരമധ്യത്തിലെ കെപിഎം റീജൻസിയിൽ യുഡിഎഫ്‌ നേതാക്കൾ താമസിക്കുന്ന മുറിയിലേക്കാണ്‌ പണം കൊണ്ടുവന്നത്‌. എൽഡിഎഫ്‌ പരാതിയെത്തുടർന്ന്‌ ഹോട്ടലിൽ രാത്രി വൈകിയും പൊലീസ്‌ പരിശോധന തുടർന്നു. തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരും പരിശോധനക്കെത്തി. 

ചൊവ്വ രാത്രി പന്ത്രണ്ടിനായിരുന്നു സംഭവം. തമിഴ്നാട്‌ രജിസ്‌ട്രേഷനുള്ള അത്യാഡംബര കാറിലാണ്‌ പണം കൊണ്ടുവന്നതെന്നാണ്‌ ആരോപണം. കോൺഗ്രസ്‌ നേതാക്കളായ  ബിന്ദുകൃഷ്‌ണ, ഷാനിമോൾ ഉസ്‌മാൻ എന്നിവരുടെ മുറികളിൽ പരിശോധന നടത്തി. ഷാനിമോൾ ഉസ്‌മാന്റെ മുറിയിൽ പരിശോധനക്കെത്തിയപ്പോൾ വനിതാ പൊലീസ്‌ ഇല്ലെന്ന കാരണം ഉന്നയിച്ച്‌ തടഞ്ഞു. പിന്നീട്‌ വനിതാ പൊലീസ്‌ എത്തിയപ്പോൾ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരില്ലെന്ന വാദമുന്നയിച്ചും പരിശോധന തടയാൻ ശ്രമിച്ചു. ഇതിനുശേഷം കോൺഗ്രസുകാർ  സംഘടിച്ചെത്തി പൊലീസിനെയും മാധ്യമപ്രവർത്തകരെയും തടയുകയും മർദിക്കാൻ ശ്രമിക്കുകയുംചെയ്‌തു.   പരിശോധനക്ക്‌ പൊലീസ്‌ എത്തുന്നതിന്‌ തൊട്ടുമുമ്പാണ്‌ എംപിമാരായ ഷാഫി പറമ്പിൽ, വി കെ ശ്രീകണ്ഠൻ എന്നിവർ ഹോട്ടലിൽനിന്ന് പുറത്തേക്കുപോയത്‌. ഇതിന്റെ ദൃശ്യങ്ങൾ വാർത്താചാനലുകൾ പുറത്തുവിട്ടു.  പിന്നീട്‌ 1.20ന്‌ ഇവർ തിരിച്ചെത്തി. സ്ഥലത്ത്‌ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്‌.

മനപ്പൂർവം സംഘർഷമുണ്ടാക്കി കോൺഗ്രസ്‌
കെപിഎം റീജൻസിയിൽ പൊലീസ്‌ പരിശോധന തടയാനും മാധ്യമപ്രവർത്തകരെ കൈയേറ്റംചെയ്യാനും കോൺഗ്രസ്‌–-യൂത്ത്‌ കോൺഗ്രസ്‌ നേതാക്കളുടെ ആസൂത്രിത നീക്കം. പണം കൊണ്ടുവന്നത്‌ വാർത്തയായശേഷം എംപിമാരായ ഷാഫിപറമ്പിൽ, വി കെ ശ്രീകണ്‌ഠൻ, കോൺഗ്രസ്‌ നേതാവ്‌ ജ്യോതികുമാർ ചാമക്കാല, യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ അബിൻ വർക്കി എന്നിവർ ഹോട്ടലിലേക്ക്‌ തിരിച്ചെത്തി. അതിനുശേഷമായിരുന്നു അക്രമം. ‘പൊലീസിനെ വെറുതെവിടില്ല’ എന്ന്‌ ആക്രോശിച്ചായിരുന്നു മർദനം. മാധ്യമപ്രവർത്തകരെ വി കെ ശ്രീകണ്‌ഠനും ഷാഫിയുംചേർന്ന്‌ തള്ളിയിട്ടു. പൊലീസ്‌ പരിശോധന തടയാനുള്ള നീക്കമായിരുന്നു കോൺഗ്രസ്‌ നേതാക്കളുടേത്‌. ബിജെപി നേതാക്കളും സ്ഥലത്തെത്തിയിരുന്നു. ഹോട്ടലിലെ മുഴുവൻ മുറികളും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കണമെന്ന്‌ എൽഡിഎഫ്‌ നേതാക്കൾ ആവശ്യപ്പെട്ടു.



deshabhimani section

Related News

0 comments
Sort by

Home