അകറ്റിനിർത്തി ജനം ; ബിജെപി അംഗത്വ ക്യാമ്പയിൻ പൊളിഞ്ഞു , നിലവിലുള്ള അംഗത്വംപോലും പുതുക്കാതെ കൊഴിഞ്ഞുപോക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 06, 2024, 12:15 AM | 0 min read


തിരുവനന്തപുരം
സംസ്ഥാനത്ത്‌ 50 ലക്ഷംപേരെ ചേർക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ ബിജെപി ആരംഭിച്ച അംഗത്വ ക്യാമ്പയിൻ  പൊളിഞ്ഞു.  നേരത്തേ ഉണ്ടായിരുന്നവരെപ്പോലും നിലനിർത്താനായില്ല. 50 ലക്ഷം പേരെ ബിജെപിയിൽ ചേർക്കുമെന്ന്‌ പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ടുമാസംകൊണ്ട്‌ 10 ലക്ഷം പോലും തികയ്‌ക്കാൻ കഴിയാതെവന്നതോടെ  ക്യാമ്പയിൻ അവസാനിപ്പിക്കുകയായിരുന്നു.

സെപ്‌തംബർ മൂന്നുമുതൽ ഒക്‌ടോബർ 10 വരെയായിരുന്നു അംഗത്വ ക്യാമ്പയിൻ നിശ്‌ചയിച്ചിരുന്നത്‌. അംഗത്വം പുതുക്കൽ ഒക്ടോബർ 16 മുതൽ 31 വരെയും. മിസ്‌ഡ്‌ കോൾ, നമോ ആപ്‌, വെബ്‌സൈറ്റ്‌, ക്യുആർ കോഡ്‌ സ്‌കാനിങ്‌ തുടങ്ങിയവയിലൂടെയെല്ലാം ശ്രമിച്ചെങ്കിലും നവംബറായിട്ടും സജീവ അംഗത്വ രജിസ്റ്റർപോലും സമർപ്പിക്കാൻ സംസ്ഥാന നേതൃത്വത്തിനായിട്ടില്ല.

നിലവിലെ അംഗങ്ങളെക്കൊണ്ട്‌ മിസ്‌ഡ്‌ കോൾ അടിപ്പിച്ചിട്ടും അംഗത്വം പത്തുലക്ഷം തികയ്‌ക്കാനായില്ലെന്നാണ്‌ വിവരം. നവംബർ അവസാനംവരെ ക്യാമ്പയിൻ നീട്ടാൻ ശ്രമിച്ചെങ്കിലും ജനം കൈവിട്ടതോടെ നിശബ്‌ദമായി അവസാനിപ്പിക്കുകയായിരുന്നത്രേ. പുതിയ അംഗങ്ങളെ കണ്ടെത്താൻ കേന്ദ്രമന്ത്രിമാരടക്കം വീടുകൾ കയറിയിറങ്ങിയെങ്കിലും ആർഎസ്‌എസ്‌–-ബിജെപി വർഗീയത, തീവ്രഹിന്ദുത്വം, നേതാക്കളുടെ തമ്മിലടി, കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണന, സംസ്ഥാനത്തിന്‌ അർഹമായ ആനൂകൂല്യങ്ങൾ തടഞ്ഞുവയ്‌ക്കൽ, സംസ്ഥാന പ്രസിഡന്റ്‌ ഉൾപ്പെടെയുള്ളവർക്കെതിരെ ഉയരുന്ന കോഴ, കുഴൽപ്പണക്കടത്ത്‌ ആരോപണങ്ങൾ തുടങ്ങിയവ ചൂണ്ടിക്കാട്ടി ജനങ്ങൾ മുഖംതിരിച്ചു. ആയിരക്കണക്കിനാളുകൾ അംഗത്വം ഉപേക്ഷിച്ചു.

സംസ്ഥാനത്ത്‌ 30 ലക്ഷം ബിജെപി അംഗങ്ങൾ ഉണ്ടെന്ന്‌ അവകാശപ്പെട്ടിരുന്ന നേതൃത്വത്തിന്‌ ക്യാമ്പയിൻ അവസാനിപ്പിച്ചപ്പോൾ നിലവിലുള്ള കണക്കുപോലും പുറത്തുപറയാനാകാത്ത സ്ഥിതിയായി. പുതിയ അംഗങ്ങളെ ചേർക്കുന്നതിലും കൊഴിഞ്ഞുപോക്ക്‌ തടയുന്നതിലും സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾ പരാജയപ്പെട്ടത്‌ വരാനിരിക്കുന്ന സംഘടനാ തെരഞ്ഞെടുപ്പിൽ എതിർവിഭാഗങ്ങൾ ആയുധമാക്കും.



deshabhimani section

Related News

View More
0 comments
Sort by

Home