അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ രണ്ടാനച്ഛൻ കുറ്റക്കാരൻ; വിധി വ്യാഴാഴ്‌ച

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 05, 2024, 08:40 PM | 0 min read

പത്തനംതിട്ട> കുമ്പഴയിൽ അഞ്ചുവയസുകാരി തമിഴ് ബാലികയെ പീഡിപ്പിച്ചുകൊന്ന കേസിൽ രണ്ടാനച്ഛൻ കുറ്റക്കാരനെന്ന്‌ കോടതി. പത്തനംതിട്ട അഡീഷണൽ– 1 പോക്‌സോ കോടതിയുടേതാണ്‌ കണ്ടെത്തൽ. കുട്ടിയുടെ രണ്ടാനച്ഛൻ തമിഴ്‌നാട്‌ രാജപാളയം സ്വദേശി അലക്‌സ്‌ പാണ്ഡ്യനാണ്‌ പ്രതി. കൊലപാതകം, ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളാണ്‌ തെളിഞ്ഞത്‌. സാഹചര്യത്തെളിവുകൾ, ശാസ്‌ത്രീയ തെളിവുകൾ, മൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ കണ്ടെത്തൽ. വിധി വ്യാഴാഴ്‌ച പ്രസ്താവിക്കും.

2021 ഏപ്രിൽ അഞ്ചിന്‌ പത്തനംതിട്ട കുമ്പഴയിലാണ്‌ കേസിനാസ്‌പദമായ സംഭവം. രാജപാളയം സ്വദേശികളായ ദമ്പതികളിൽ യുവതിയുടെ ആദ്യവിവാഹത്തിലെ രണ്ട്‌ മക്കളിൽ മൂത്തയാളാണ്‌ കൊല്ലപ്പെട്ട കുട്ടി. കുട്ടിയുടെ അമ്മ സമീപവീട്ടിൽ ജോലിക്കുപോയി മടങ്ങിയെത്തിയപ്പോൾ ശരീരമാകെ മുറിഞ്ഞ്‌ അബോധാവസ്ഥയിൽ കിടക്കുന്ന കുട്ടിയെയാണ്‌ കണ്ടത്‌. വിവരം തിരക്കിയപ്പോൾ അലക്‌സ് പാണ്ഡ്യൻ യുവതിയെയും മർദിച്ചു. നാട്ടുകാരുടെ സഹായത്താൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇൻക്വസ്റ്റിൽ കൊലപാതകമെന്ന്‌ തെളിഞ്ഞതോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തിൽ അറുപതിലധികം മുറിവുകളാണുണ്ടായിരുന്നത്‌. കസ്റ്റഡിയിലെടുത്ത അന്ന്‌ രാത്രി തന്നെ പ്രതി വിലങ്ങുമായി ഓടി രക്ഷപെട്ടു. തിരച്ചിലിനൊടുവിൽ പിറ്റേന്ന്‌ പൊലീസ്‌ പിടിയിലായി. വിചാരണ സമയത്ത്‌ എല്ലാ സാക്ഷികളും കുത്യമായ മൊഴി നൽകിയിരുന്നു. സംഭവം നടന്ന്‌ മൂന്നര വർഷത്തിനുള്ളിലാണ്‌ പ്രതി കുറ്റക്കാരനെന്ന കോടതി വിധി.

 



deshabhimani section

Related News

View More
0 comments
Sort by

Home