പാലക്കാട്‌ 
പ്രചാരണത്തിനില്ല ; ബിജെപിയിൽ അപമാനം നേരിട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 05, 2024, 12:17 AM | 0 min read


പാലക്കാട്‌
പാലക്കാട്ടെ ബിജെപി സ്ഥാനാർഥിക്കുവേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്ന്‌ ബിജെപി മുൻ വക്താവും സംസ്ഥാന കമ്മിറ്റിയംഗവുമായ സന്ദീപ്‌ വാര്യർ. അപമാനം നേരിട്ട സ്ഥലത്ത് വീണ്ടുമെത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ല.  തുടർച്ചയായി അപമാനിക്കപ്പെടുകയാണ്‌. ഇത്തരത്തിൽ മുന്നോട്ടുപോകാനില്ല–-  സന്ദീപ്‌ വാര്യർ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. 

നേതൃത്വത്തിനെതിരെ രൂക്ഷ വിമർശമുന്നയിച്ച്‌  ഫേസ്‌ബുക്കിൽ കുറിപ്പിട്ട സന്ദീപ്‌  ബിജെപി സ്ഥാനാർഥി സി കൃഷ്‌ണകുമാറിനെയും പ്രതിക്കൂട്ടിൽ നിർത്തുന്നു.  ‘അമ്മ മരിച്ചപ്പോൾ കാണാൻപോലും വരാത്തയാളാണ്‌ കൃഷ്‌ണകുമാർ. പാലക്കാട്ടെ എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. പി സരിൻ ഉൾപ്പെടെ ആശ്വസിപ്പിക്കാനെത്തി. യുവമോർച്ചയിൽ ഒരുമിച്ച്‌ പ്രവർത്തിച്ചുവെന്ന കൃഷ്‌ണകുമാറിന്റെ വാക്കുകൾ സത്യമല്ല. അദ്ദേഹം ഒരിക്കലെങ്കിലും എന്റെ വീട്‌ കണ്ടിട്ടുണ്ടോ. കൺവൻഷനിൽ സീറ്റ്‌ കിട്ടാത്തതിൽ പിണങ്ങിപ്പോകുന്നവനല്ല ഞാൻ. എനിക്ക്‌ മാനസിക പ്രശ്‌നങ്ങൾ നേരിട്ടു. അത്‌ ഒരു പരിപാടിയിൽ സംഭവിച്ചതല്ല, നിരന്തരം തുടരുന്നതാണ്‌. അത്‌ പറയാൻ ഉദ്ദേശിക്കുന്നില്ല.’ ഇക്കാര്യങ്ങൾ മാധ്യമങ്ങൾക്ക്‌ മുന്നിലും അദ്ദേഹം ആവർത്തിച്ചു.

‘‘പ്രശ്‌നം പരിഹരിക്കാൻ നേതൃത്വത്തിന്‌ ഒരുപാട്‌ സമയം നൽകി.  ആരും ഇടപെട്ടില്ല. മുതിർന്ന ആരെങ്കിലുമൊക്കെ ആശ്വസിപ്പിക്കാൻ ശ്രമിക്കും എന്ന്‌ പ്രതീക്ഷിച്ചു. ആ പ്രതീക്ഷ നഷ്ടപ്പെട്ടു. എന്നെപോലെ  അസംതൃപ്‌തർ നിരവധിയുണ്ട്‌.  കൺവൻഷനിൽ സീറ്റ്‌ നൽകുന്നത്‌ പ്രോട്ടോകോൾ പ്രകാരമാണ്‌ എന്നാണ്‌ കൃഷ്‌ണകുമാർ പറഞ്ഞത്‌. എന്നാൽ അദ്ദേഹത്തിന്റെ ഭാര്യക്ക്‌ സീറ്റ്‌ നൽകിയത്‌ എന്ത്‌ പ്രോട്ടോകോളിന്റെ അടിസ്ഥാനത്തിലാണ്‌?’’–-സന്ദീപ്‌ വാര്യർ ചോദിച്ചു.
ഈ പ്രതികരണം വന്നതോടെ സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ പാലക്കാട്ട്‌ ബിജെപിയുടെ അടിയന്തര നേതൃയോഗം വിളിച്ചു. സന്ദീപ്‌ വാര്യരെ അവഗണിക്കാൻതന്നെയാണ്‌ തീരുമാനമെന്നും സന്ദീപിന്‌  വീരപരിവേഷം എത്രനാളാണെന്ന്‌ കാണാമെന്നും സുരേന്ദ്രൻ പ്രതികരിച്ചു.  തെരഞ്ഞെടുപ്പിനെ ഇത്‌  ബാധിക്കില്ലെന്ന്‌ എൻഡിഎ സ്ഥാനാർഥി സി കൃഷ്‌ണകുമാർ പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home