സിനിമ എഡിറ്റർ നിഷാദ് യൂസഫ്‌ മരിച്ചനിലയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 30, 2024, 07:48 AM | 0 min read

കൊച്ചി
പ്രമുഖ സിനിമ എഡിറ്റര്‍ നിഷാദ് യൂസഫിനെ (43) പനമ്പള്ളിനഗറിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. തമിഴ്‌ചിത്രം "കങ്കുവ'യുടെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്ത നിഷാദ്‌ ബുധൻ പുലർച്ചെ രണ്ടിനാണ്‌ ഇലഞ്ഞിക്കൽ ലെയ്ൻ ശാന്തിവിഹാർ അപ്പാർട്ടുമെന്റിൽ തിരിച്ചെത്തിയത്‌. കിടപ്പുമുറിയിൽകയറി ഏറെ നേരമായിട്ടും പുറത്തിറങ്ങിയില്ല. ഭാര്യ ഷിഫ അറിയിച്ചതുപ്രകാരം സൗത്ത്‌ പൊലീസെത്തി വാതിൽപൊളിച്ച്‌ അകത്തുകയറിയപ്പോഴാണ്‌ തൂങ്ങിമരിച്ചനിലയിൽ കണ്ടത്‌.

തല്ലുമാല, ഉണ്ട, സൗദി വെള്ളക്ക തുടങ്ങി ഹിറ്റുചിത്രങ്ങളുടെ എഡിറ്ററാണ്‌. 2022-ൽ "തല്ലുമാല'യിലൂടെ സംസ്ഥാന പുരസ്‌കാരം ലഭിച്ചു. ഓപ്പറേഷൻ ജാവ, വൺ, ചാവേർ, രാമചന്ദ്ര ബോസ്‌ ആൻഡ്‌ കോ, ഉടൽ, ആളങ്കം, ആയിരത്തൊന്ന് നുണകൾ, അഡിയോസ് അമിഗോ എന്നിവയാണ് മറ്റു പ്രധാന ചിത്രങ്ങൾ. മമ്മൂട്ടിയുടെ ബസൂക്ക, മോഹൻലാൽ–-തരുൺ മൂർത്തി ചിത്രം, ഖാലിദ്‌ റഹ്മാൻ–- നസ്ലിൻ ചിത്രം ആലപ്പുഴ ജിംഖാന എന്നിവ റിലീസ് ചെയ്യാനുണ്ട്‌. നവംബറിൽ റിലീസിനൊരുങ്ങുന്ന സൂര്യയുടെ ബിഗ്‌ ബജറ്റ്‌ ചിത്രമായ "കങ്കുവ'യുടെ എഡിറ്റിങ്‌ നിർവഹിച്ചു. നിരവധി ചാനലുകളിൽ വിഷ്വല്‍ എഡിറ്ററായും ജോലി ചെയ്‌തിട്ടുണ്ട്.

മൃതദേഹം പോസ്‌റ്റുമോർട്ടത്തിനുശേഷം ഹരിപ്പാട്‌ ആനാരി ജുമാ മസ്ജിദിൽ ഖബറടക്കി.  ഹരിപ്പാട്‌ തുലാംപറമ്പ്‌ വടക്ക്‌ നിഷാദ്‌ മൻസിലിൽ യൂസഫ്‌ കുഞ്ഞിന്റെയും (വിമുക്തഭടൻ) ലൈല ബീവിയുടെയും മകനാണ്‌. മക്കൾ: മുഹമ്മദ്‌ സിദാൻ, ലിയാറ സിറ.

ഹൃദയം തകരുന്നു: സൂര്യ

‘നിഷാദ് ഇന്നില്ല എന്ന് കേള്‍ക്കുമ്പോള്‍ ഹൃദയം തകരുന്നു’വെന്ന് തമിഴ്‌നടൻ സൂര്യ സമൂഹമാധ്യമത്തിൽ കുറിച്ചു. കങ്കുവ ടീമിലെ നിശബ്ദനും പ്രധാനപ്പെട്ടതുമായ വ്യക്തിയാണ്‌ നിഷാദ്. കുടുംബത്തോടും സുഹൃത്തുക്കളോടും അനുശോചനം അറിയിച്ചതായും സൂര്യ കുറിച്ചു.
നടന്‍മാരായ ടൊവിനോ തോമസ്, റോണി ഡേവിഡ്, സംവിധായകന്‍ മുഹ്‌സിന്‍ പെരാരി തുടങ്ങിയവര്‍ ആശുപത്രിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.

സിനിമാജീവിതത്തിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴാണ്‌ നിഷാദ്‌ യൂസഫിന്റെ അപ്രതീക്ഷിത വിടവാങ്ങൽ. സൂപ്പർതാരങ്ങളുടേതുൾപ്പെടെ നിഷാദ്‌ എഡിറ്റിങ്‌ നിർവഹിച്ച നിരവധി ചിത്രം പുറത്തിറങ്ങാനുണ്ട്‌. സിനിമാലോകം ഞെട്ടലോടെയാണ്‌ വിയോഗവാർത്ത കേട്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

Home