2024ലെ ഭരണഭാഷാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച ജില്ല പത്തനംതിട്ട

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 29, 2024, 07:25 PM | 0 min read

തിരുവനന്തപുരം > ഭരണത്തിന്റെ വിവിധ തലങ്ങളിൽ മലയാള ഭാഷയുടെ ഉപയോഗം സാർവത്രികമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാന ഗവൺമെന്റ് നൽകുന്ന ഭരണഭാഷാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മികച്ച രീതിയിൽ ഭരണഭാഷാമാറ്റ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വകുപ്പായി തിരഞ്ഞെടുക്കപ്പെട്ടത് ഹോമിയോപ്പതി വകുപ്പാണ്. മികച്ച ജില്ല പത്തനംതിട്ട ജില്ലയാണ്.

ഉദ്യോഗസ്ഥർക്ക് ഏർപ്പെടുത്തിയിട്ടുള്ള ഭരണഭാഷാ സേവനപുരസ്ക്കാരം ക്ലാസ് I വിഭാഗത്തിൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ കെ കെ സുബൈർ അർഹനായി. ക്ലാസ് II വിഭാഗത്തിൽ കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസിലെ (ഹോമിയോപ്പതി) സീനിയർ സൂപ്രണ്ടായ വിദ്യ പി കെ, ജഗദീശൻ സി (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, സബ് റീജിയണൽ സ്റ്റോർ, പടിഞ്ഞാറത്തറ, കെ എസ് ഇ ബി ലിമിറ്റഡ്, വയനാട് എന്നിവരും,  ക്ലാസ് III വിഭാഗത്തിൽ കോഴിക്കോട് ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസിലെ സീനിയർ ക്ലാർക്കായ കണ്ണൻ എസ്, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ പി ബി സിന്ധു എന്നിവരും അർഹരായി.

ക്ലാസ് III (ടൈപ്പിസ്റ്റ്/ കമ്പ്യൂട്ടർ അസിസ്റ്റന്റ്/ സ്റ്റെനോഗ്രാഫർ) വിഭാഗത്തിൽ തിരുവനന്തപുരം ജില്ലാ കളക്‌ട്രേറ്റിലെ യു ഡി ടൈപ്പിസ്റ്റായ ബുഷിറാ ബീഗം എൽ, തിരുവനന്തപുരം  വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റായ സൂര്യ എസ് ആർ എന്നിവരും  യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തിന് അർഹരായി. ഗ്രന്ഥരചനാ പുരസ്‌കാരത്തിന് കേരള സർവകലാശാലയിലെ പ്രൊഫസർ ആൻഡ് ഹെഡ് ആയ ഡോ. സീമാജെറോം അർഹയായി. നവംബർ 1ന് ഉച്ചയ്ക്കുശേഷം 3.30ന് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടക്കുന്ന മലയാള ദിന-ഭരണഭാഷാവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Home