നീലേശ്വരം വെടിക്കെട്ട് അപകടം: 101 പേർ ചികിത്സയിൽ; 21 പേർ ഐസിയുവിലെന്ന് മന്ത്രി രാജൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 29, 2024, 06:46 PM | 0 min read

നീലേശ്വരം> കാസർകോട് നീലേശ്വരത്ത് ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് 101 പേർ 13 വിവിധ ആശുപത്രികളിലായി ചികിത്സയിലാണെന്ന് മന്ത്രി കെ രാജൻ. ഇതിൽ 80 പേർ വാർഡുകളിലും 21 പേർ ഐസിയുവിലുമാണ്. ഐസിയുവിൽ ഉള്ളവരിൽ ഒരാളുടെ നില ഗുരുതരവും ഏഴുപേർ വെൻറിലേറ്ററിലുമാണ്. പരിക്കേറ്റവരിൽ ആറ് പേർ ചികിത്സയിൽ കഴിയുന്ന കോഴിക്കോട്ടെ മിംസ് ആശുപത്രി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.  

മിംസ് ആശുപത്രിയിൽ ആറുപേരാണ് ചികിത്സയിലുള്ളത്. ഇതിൽ നാലുപേർ വെൻറിലേറ്ററിലാണ്. നാലു വയസ്സുള്ള ഒരു കുട്ടിയെ പീഡിയാട്രിക് ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. ആശുപത്രിയിലെ പ്രത്യേക മെഡിക്കൽ സംഘമായി കൂടിയാലോചന നടത്തിയതായി മന്ത്രി അറിയിച്ചു. വെൻറിലേറ്ററിൽ ഉള്ളവരിൽ അറുപത് ശതമാനം പൊള്ളലേറ്റ വരുണ്ട്. അവരുടെ വിദഗ്ധ ചികിത്സയ്ക്കായി സ്കിൻ ഗ്രൈൻഡിങ് ഉൾപ്പെടെയുള്ള
കാര്യങ്ങൾ ആലോചിച്ച് വരികയാണ്. സർക്കാറുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലെ ആശുപത്രി, പൊള്ളൽ ചികിൽസിക്കുന്ന നാഷണൽ ബേൺ സെൻറർ എന്നിവരുമായി ആശയവിനിമയം നടത്തുന്നുണ്ട്. എല്ലാ സഹായവും സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്തതായി മന്ത്രി അറിയിച്ചു.

സ്കിൻ ഗ്രൈൻഡിങ്ങിന് എല്ലാവിധ സൗകര്യവും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടെങ്കിലും തൊലി ദാനം ചെയ്യുക എന്നത് കേരളത്തിൽ പ്രചാരത്തിൽ ഇല്ലാത്തതിനാൽ ദാതാവിനെ കിട്ടാത്ത അവസ്ഥയാണ്.  ഇതുകാരണം സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയുണ്ട് എന്ന് മന്ത്രി പറഞ്ഞു. മറ്റ് അവയവങ്ങളെ പോലെ തൊലി ദാനം ചെയ്യാൻ കേരളത്തിൽ ആളുകൾ മുന്നോട്ട് വരേണ്ടതുണ്ട്.

പരിക്കേറ്റവരുടെ ചികിത്സ വളരെ ഗൗരവമായിത്തന്നെ നടക്കുന്നതായി അറിയിച്ച റവന്യു മന്ത്രി ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാർ ഇടപെടുന്നുണ്ട് എന്ന് കൂട്ടിച്ചേർത്തു. ഇത്‌ സംബന്ധിച്ച് പരിശോധിക്കാൻ കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് പോലീസ് തലത്തിലും കളക്ടറുടെ നിർദ്ദേശപ്രകാരം എഡിഎം തലത്തിലും രണ്ട് അന്വേഷണങ്ങൾ നടക്കുന്നതായി മന്ത്രി രാജൻ അറിയിച്ചു.  പരിക്കേറ്റവരുടെ ബന്ധുക്കളെ കണ്ട അദ്ദേഹം സർക്കാരിന്റെ എല്ലാ പിന്തുണയും അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home