കളിക്കളം 2024 ; ആവേശോജ്വല തുടക്കം , മുന്നേറി വയനാട്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 28, 2024, 11:43 PM | 0 min read


തിരുവനന്തപുരം
പട്ടികവർഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന ഏഴാമത് സംസ്ഥാനതല കായികമേള "കളിക്കളം –- 2024' ന് ആവേശോജ്വല തുടക്കം. ആദ്യദിനം മത്സരം അവസാനിക്കുമ്പോൾ 70 പോയിന്റുമായി വയനാട് ജില്ലയാണ് മുന്നിൽ. 26 പോയിന്റുമായി തിരുവനന്തപുരം രണ്ടാം സ്ഥാനത്തും 25 പോയിന്റുമായി ഇടുക്കി മൂന്നാംസ്ഥാനത്തുമാണ്. 1500 മീറ്റർ ഓട്ടം, ഹൈജമ്പ്, ലോങ്‌ ജമ്പ്, ഷോട്ട്പുട്ട്, 4 X 400 മീറ്റർ റിലേ, ആർച്ചറി, ക്രിക്കറ്റ് ബോൾ ത്രോ  തുടങ്ങിയവയായിരുന്നു ആദ്യദിനത്തിലെ മത്സരങ്ങൾ.

കാര്യവട്ടം എൽഎൻസിപിഇ സ്റ്റേഡിയത്തിൽ  നടക്കുന്ന കായികമേള  മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത ടിഡിഒകളിലെ കുട്ടികൾ വിശിഷ്ടാതിഥികൾക്ക് അഭിവാദ്യം അർപ്പിച്ച്‌ മാർച്ച് പാസ്റ്റ് നടത്തി.  ഉദ്ഘാടനശേഷം മുൻ കളിക്കളം ജേതാക്കൾ അണിനിരന്ന ദീപശിഖാ പ്രയാണവും വിദ്യാർഥികൾ അണിനിരന്ന ഫ്ലാഷ് മോബും നടന്നു. 'കളിയാണ് ലഹരി' എന്ന ആശയമാണ്  ഫ്ലാഷ് മോബിൽ അവതരിപ്പിച്ചത്. ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ കെ വി ധനേഷ് വിദ്യാർഥികൾക്ക് കായിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന 22 മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെയും 118 പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും ആയിരത്തിലധികം കായിക പ്രതിഭകൾ കളിക്കളത്തിൽ അണിനിരക്കും. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന കായികമേളയിൽ നൂറിലധികം ഇനങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.ചൊവ്വാഴ്ച ഹീറ്റ്സ്, ഫൈനൽ എന്നിങ്ങനെ ജാവലിൻ ത്രോ, 4x100, 400 മീറ്റർ, ആർച്ചറി, കബഡി, ഖോ ഖോ, ലോങ് ജമ്പ്, ഷോട്ട് പുട്ട് തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Home