യുഡിഎഫ് വർഗീയശക്തികൾക്ക് 
ആളെക്കൂട്ടുന്നു , സർക്കാരിന്റെ 
ശക്തമായ
 ഇടപെടൽ വർഗീയ 
സംഘർഷം 
ഇല്ലാതാക്കി : മുഖ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 27, 2024, 11:44 PM | 0 min read


വയലാർ (ആലപ്പുഴ)
വർഗീയ ശക്തികൾക്ക് ആളെ കൂട്ടാൻ യുഡിഎഫ് സഹായം ചെയ്യരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വർഗീയ സംഘർഷം  തടയാൻ സർക്കാർ ശക്തമായി ഇടപെടുമെന്നും അതിൽ ആരുടെയും പ്രയാസം വകവയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 78–--ാമത് പുന്നപ്ര-–വയലാർ വാരാചരണത്തിന് സമാപനം കുറിച്ച് വയലാറിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മതനിരപേക്ഷതയെ തകർത്ത് വർഗീയ നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്ന കോൺഗ്രസ് താൽക്കാലിക ലാഭത്തിനായി സ്വന്തം പാർടിയെ ബലി കൊടുക്കുകയാണ്. കോൺഗ്രസും ബിജെപിയും തമ്മിൽ സർവത്ര ഡീലാണെന്നാണ് അതിനകത്തുള്ളവർതന്നെ പുറത്തുവന്ന് പറയുന്നത്. പ്രധാനപ്പെട്ട പലർക്കും അതിൽ പങ്കുണ്ടെന്നാണ് വെളിപ്പെടുത്തൽ.

ആർഎസ്എസുമായി കൂട്ടുചേരാൻ മടിയില്ലാത്ത കോൺഗ്രസ് ഇപ്പോൾ ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും കൂടെ ചേർക്കുന്നു. ആർഎസ്എസുമായും സംഘപരിവാറുമായും ബന്ധമുണ്ടാക്കാൻ കോൺഗ്രസ് ഒരുകാലത്തും മടിച്ചിട്ടില്ല. കോൺഗ്രസ്–- ജനസംഘം ഡീലിന്റെ തുടർച്ചയാണിന്ന്. 1960ൽ പട്ടാമ്പിയിലെ തെരഞ്ഞെടുപ്പിൽ ആരംഭിച്ചതാണത്‌. ഇ എം എസിനെ പരാജയപ്പെടുത്താൻ ജനസംഘം സ്ഥാനാർഥിയെ പിൻവലിക്കുകയായിരുന്നു. താൽക്കാലിക ലാഭത്തിനായി വർഗീയതയെ കെട്ടിപ്പുണരാൻ കോൺഗ്രസിന് മടിയില്ല.

കേരളത്തിൽ വർഗീയ സംഘർഷം ഇല്ലാത്തത് വിട്ടുവീഴ്ചയില്ലാത്ത സമീപനം സർക്കാർ സ്വീകരിക്കുന്നതുകൊണ്ടാണ്. നാടിന്റെ മതനിരപേക്ഷത സംരക്ഷിക്കുന്നതിനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. വർഗീയതയോട് സന്ധിയില്ലാത്ത നിലപാട് സ്വീകരിക്കാൻ കോൺഗ്രസിനാകുന്നുണ്ടോ.  ഈ   നിലപാട് സ്വീകരിച്ചാലേ മതനിരപേക്ഷത സംരക്ഷിക്കാനാകൂ. ഇതിൽ എല്ലാകാലത്തും ഉറച്ച നിലപാടാണ് കമ്യൂണിസ്റ്റ് പാർടി സ്വീകരിച്ചിട്ടുള്ളത്.  ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപി ജയിച്ചത് കോൺഗ്രസിന്റെ വോട്ടുനേടിയാണ്. 87,000 വോട്ടാണ് കോൺഗ്രസിൽനിന്ന് ചോർന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസഹായമില്ലെങ്കിലും 
ദുരന്തബാധിതരെ സംരക്ഷിക്കും
കേന്ദ്രസഹായം കിട്ടിയാലും ഇല്ലെങ്കിലും ചൂരൽമല ദുരിതബാധിതരെ സർക്കാർ കൈയൊഴിയില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.  മികച്ച പുനരധിവാസവും ജീവനോപാധിയും ഉറപ്പാക്കി സംരക്ഷിക്കും. ദുരന്തനിവാരണ നിയമം അനുസരിച്ച്‌ നിർവഹണ ഏജൻസിയെ നിശ്‌ചയിച്ച്‌ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. മുമ്പ്‌ ദുരന്തമുണ്ടായപ്പോഴും കേന്ദ്രം സഹായിച്ചില്ല. കേന്ദ്രത്തിന്റെ നിഷേധ നിലപാടുകൾക്കെതിരെ പ്രതിഷേധം ഉയരുമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home