ആവേശച്ചൂടിൽ മുന്നണികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 27, 2024, 12:00 AM | 0 min read

തിരുവനന്തപുരം > തുലാമഴത്തണുപ്പിലും ഉപതെരഞ്ഞെടുപ്പിന്റെ ആവേശച്ചൂടിൽ പാലക്കാടും വയനാടും ചേലക്കരയും. പത്രികാസമർപ്പണം പൂർത്തിയാക്കി മുന്നണികൾ കൺവൻഷനുകളും റോഡ്‌ഷോകളും നടത്തിയതോടെ പ്രചാരണം മുന്നേറുന്ന കാഴ്ചകളാണ്‌ മൂന്ന്‌ മണ്ഡലങ്ങളിലും. പത്രികകളുടെ സൂക്ഷ്മ പരിശോധന 28ന്‌ നടക്കും. 30വരെ പിൻവലിക്കാം.

എൽഡിഎഫ്‌ സ്ഥാനാർഥിയായ ഡോ. പി സരിന്റെ വരവോടെ ചിത്രവും ചരിത്രവും മാറ്റിയെഴുതാൻ ഒരുങ്ങുകയാണ്‌ പാലക്കാട്‌. ആവേശത്തിലും ജനമുന്നേറ്റത്തിലും എൽഡിഎഫ്‌ മണ്ഡലം കൺവെൻഷൻ, ബിജെപിയുടെയും യുഡിഎഫിന്റെയും അവകാശവാദങ്ങളെ അസ്ഥാനത്താക്കി. എൽഡിഎഫിനെ എതിർക്കുന്ന മാധ്യമങ്ങളെല്ലാം ശക്തമായ ത്രികോണ മത്സരമാണ്‌ മണ്ഡലത്തിൽ പ്രവചിക്കുന്നത്‌. യുവസമൂഹത്തിൽ സരിന്‌ ലഭിക്കുന്ന സ്വീകാര്യത രാഷ്‌ട്രീയ ചേരികൾക്കുമപ്പുറമുള്ള പിന്തുണയായി മാറുമെന്നുറപ്പ്‌.

രാഹുൽ മാങ്കൂട്ടത്തെ ഏകപക്ഷീയമായി സ്ഥാനാർഥി ആക്കിയതിൽ കോൺഗ്രസിൽ പ്രതിഷേധം രൂക്ഷമാണ്‌. എൻഡിഎ സ്ഥാനാർഥി കെ കൃഷ്ണകുമാർ കഴിഞ്ഞതവണ മത്സരിച്ച ഇ ശ്രീധരനേക്കാൾ പിന്നിൽ പോകുമെന്നാണ്‌ ബിജെപി ക്യാമ്പിലെ  കണക്കുകൂട്ടൽ. ആകെ 16 പേർ പത്രിക നൽകിയിട്ടുണ്ട്‌.

ചേലക്കരയിൽ സിപിഐ എമ്മിലെ യു ആർ പ്രദീപ്‌, കോൺഗ്രസിലെ രമ്യ ഹരിദാസ്‌, ബിജെപിയിലെ കെ ബാലകൃഷ്ണൻ എന്നിവരുൾപ്പെടെ ഒമ്പത്‌ പേരാണ്‌ പത്രിക നൽകിയത്‌. വിമതനായി മത്സരിക്കുന്ന എഐസിസി മുൻ അംഗം എൻ കെ സുധീർ  യുഡിഎഫ്‌ വോട്ടിൽ നല്ലൊരുശതമാനം കൊണ്ടുപോകുമെന്നാണ്‌ അവരുടെ ആശങ്ക.

വയനാട്‌ പ്രിയങ്കാഗാന്ധിക്ക്‌ മൂന്നരയും നാലും ലക്ഷമൊക്കെ ഭൂരിപക്ഷം കിട്ടുമെന്ന പ്രചാരണം കാറ്റഴിച്ചുവിട്ട ബലൂണിന്റെ അവസ്ഥയിലാണ്‌. എം ഐ ഷാനവാസിനെതിരെ 2014 ൽ ശക്തമായ മത്സരം കാഴ്ചവച്ച സത്യൻ മോകേരി ഇക്കുറി കൂടുതൽ കരുത്തോടെ രംഗത്തുണ്ട്‌. ബിജെപി യിൽ രൂക്ഷമായ പടലപിണക്കവും കോൺഗ്രസിന്റെ വോട്ടുകളെ ബാധിക്കും. ബിജെപി യിലെ നവ്യ ഹരിദാസ്‌ അടക്കം 21 പേർ പത്രിക നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home