സ്ഥാനാർഥികൾ പാളി; തുറന്നടിച്ച്‌ കോൺഗ്രസ്‌ നേതാക്കൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 26, 2024, 10:37 PM | 0 min read

പാലക്കാട്‌> നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പാലക്കാടും ചേലക്കരയും കെപിസിസിയുടെ സ്ഥാനാർഥി നിർണയം പിഴച്ചുവെന്ന്‌ നേതാക്കളുടെ പരാതി.  എറണാകുളത്ത്‌  കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി ഭാരവാഹി യോഗത്തിലാണ്‌ പാലക്കാട്ടെ നേതാക്കൾ പ്രതിപക്ഷ നേതാവ്‌ സതീശനെതിരെ തുറന്നടിച്ചത്‌. സ്ഥാനാർഥി നിർണയം ഏകപക്ഷീയമാണെന്നും  ഡിസിസിയുടെ അഭിപ്രായം പരിഗണിച്ചില്ലെന്നും നേതാക്കൾ വ്യക്തമാക്കി.

ഏകകണ്‌ഠമായാണ്‌ സ്ഥാനാർഥികളെ തീരുമാനിച്ചതെന്ന പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെയും ഷാഫി പറമ്പിൽ എംപിയുടെയും വാദം ഇതോടെ പൊളിഞ്ഞു. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും ഷാഫിയും ഏകപക്ഷീയമായാണ്‌  തീരുമാനമെടുക്കുന്നതെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. ഡോ. പി സരിൻ, യൂത്ത്‌ കോൺഗ്രസ്‌ മുൻ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ്‌ എന്നിവർ ഇക്കാര്യം മാധ്യമങ്ങളോട്‌ പറഞ്ഞിരുന്നു. ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച ദിവസംതന്നെ സ്ഥാനാർഥിയെ പ്രഖ്യാപിക്കണമെന്ന്‌ വാശിയായിരുന്നു സതീശനും ഷാഫിക്കും.
നേരത്തെ തെരഞ്ഞെടുപ്പ്‌ സമിതി ചേർന്നപ്പോൾ ഡിസിസി പ്രസിഡന്റ്‌ എ തങ്കപ്പൻ, വി കെ ശ്രീകണ്‌ഠൻ എംപി എന്നിവർ കെ മുരളീധരന്റെ പേരാണ്‌ നിർദേശിച്ചത്‌.  മുരളീധരനെയാണ്‌ ഡിസിസി ഏകകണ്‌ഠമായി നിർദേശിക്കുന്നതെന്ന്‌ വ്യക്തമാക്കി ഒക്‌ടോബർ 15ന്‌  എഐസിസി ജനറൽ സെക്രട്ടറിമാരായ കെ സി വേണുഗോപൽ, ദീപ ദാസ്‌മുൻഷി, കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ,  വി ഡി സതീശൻ എന്നിവർക്ക്‌ കത്തും നൽകി.  മുതിർന്ന എട്ടു നേതാക്കൾ ഇതിൽ ഒപ്പിടുകയും ചെയ്‌തു.

ചേലക്കരയിൽ രമ്യ ഹരിദാസിനെ തീരുമാനിച്ചതിലും എതിർപ്പ്‌ ശക്തമാണ്‌. വി കെ ശ്രീകണ്‌ഠൻ എംപിയുടെ ഭാര്യ കെ എ തുളസിയെയും കെപിസിസി സെക്രട്ടറിയായിരുന്ന എൻ കെ സുധീറിനെയും തള്ളി സതീശൻ ഏകപക്ഷീയമായാണ്‌ ചേലക്കരയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്‌. ഇതിനെ കെ സുധാകരൻ പരസ്യമായി  എതിർക്കുകയും ചെയ്‌തു. എൻ കെ സുധീർ വിമത സ്ഥാനാർഥിയാണിപ്പോൾ.
 പി വി അൻവറിന്റെ പിന്തുണക്കാര്യത്തിൽ കെ സുധാകരനും വി ഡി സതീശനും  പരസ്‌പരം പോരടിച്ചപ്പോൾ സ്ഥാനാർഥി നിർണയം സംബന്ധിച്ച അഭിപ്രായ വ്യത്യാസവുമാണ്‌മറനീക്കിയത്‌. സരിൻ മിടുക്കനാണെന്ന്‌  ശശിതരൂർ എംപി പറഞ്ഞതോടെ കൂടുതൽ നേതാക്കൾക്ക്‌ അഭിപ്രായവ്യത്യാസം  ഉണ്ടെന്നും തെളിഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home