അതിദാരിദ്ര്യ പട്ടിക ; ഗുരുതര രോഗമുള്ളവർക്ക്‌ ധനസഹായം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 25, 2024, 01:42 AM | 0 min read


തിരുവനന്തപുരം
സർവേയിലൂടെ കണ്ടെത്തിയ അതിദരിദ്രർക്ക്‌ ലക്ഷക്കണക്കിന്‌ രൂപയുടേത്‌ അടക്കമുള്ള ചികിത്സാ സഹായവും ഉറപ്പാക്കി തദ്ദേശവകുപ്പ്‌. ജില്ലാ മെഡിക്കൽ ബോർഡിന്റെ ശുപാർശ അനുസരിച്ചുള്ളവർക്കാണ്‌ ധനസഹായം ലഭ്യമാകുക. ഇതിന്‌ തുക ചെലവഴിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക്‌ വകുപ്പ്‌ അനുമതി നൽകി. തദ്ദേശ സ്ഥാപനങ്ങൾക്ക്‌ തനത്‌ ഫണ്ടിൽനിന്നും തുക അനുവദിക്കാം. അതിദാരിദ്ര്യ നിർമാർജന പദ്ധതിക്കായി ബജറ്റിൽ മാറ്റിവച്ച 50 കോടി രൂപ അനുവദിക്കുമ്പോൾ തദ്ദേശസ്ഥാപനങ്ങൾക്ക്‌ ഇത്‌ തിരികെ നൽകും.

ചേർത്തല മുൻസിപ്പാലിറ്റി പരിധിയിൽപ്പെട്ട യുവതിക്ക്‌ അർബുദ ചികിത്സയ്‌ക്കായി 12 ലക്ഷം രൂപയുടെ ചികിത്സാസഹായം നൽകാൻ കഴിഞ്ഞ 17ന് തദ്ദേശവകുപ്പ്‌ ഉത്തരവിട്ടിരുന്നു.  പ്രതിമാസം 4000 മുതൽ 20,000 രൂപവരെ ചികിത്സയ്‌ക്ക്‌ ആവശ്യമായ മറ്റ്‌ 13 പേർക്കും ഇത്തരത്തിൽ ധനസഹായം അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്‌. ഈ തുകകൾ പ്രതിമാസം/പ്രതിവർഷം നൽകും.

സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന ഗുരുതര രോഗമുള്ളവർക്കാണ്‌ ഇത്തരത്തിൽ സഹായം ലഭ്യമാക്കുക. 2021 ജൂലൈ മുതൽ 2022 ഫെബ്രുവരിവരെ നടത്തിയ സർവെയുടെ അടിസ്ഥാനത്തിൽ 64,006 കുടുംബത്തെയാണ്‌ അതിദാരിദ്ര്യ പട്ടികയിൽ ഉൾപ്പെടുത്തിയത്‌.കണ്ടെത്തിയവരിൽ 90 ശതമാനം പേരെയും നവംബറിൽ അതിദാരിദ്ര്യ മുക്തരാക്കാനുള്ള ലക്ഷ്യത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. 2025 നവംബറോടെ സമ്പൂർണ അതിദാരിദ്ര്യ നിർമാർജനമാണ്‌ സർക്കാർ ലക്ഷ്യം.



deshabhimani section

Related News

View More
0 comments
Sort by

Home