ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്ക് ജോലി സംവരണ സാധ്യത പരിശോധിക്കും: മന്ത്രി ആർ ബിന്ദു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 15, 2024, 03:11 PM | 0 min read

തിരുവനന്തപുരം > ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്ക് ജോലി സംവരണം നൽകുന്നത്  സംബന്ധിച്ച്  നിയമപരമായ സാധ്യത പരിശോധിക്കും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതിവകുപ്പ് മന്ത്രി ആർ ബിന്ദു. കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജൻ ഉന്നയിച്ച സബ് മിഷനുളള  മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.

നിലവിൽ ഭിന്നശേഷി ശാക്തീകരണവും പുനരധിവാസവും ലക്ഷ്യമാക്കി നിരവധി വികസന-ക്ഷേമ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു. നാഷണല്‍ ട്രസ്റ്റ് നിയമത്തിൻറെ  പരിധിയില്‍ ഉള്‍പ്പെടുന്ന ഭിന്നശേഷിക്കാരുടെ അമ്മമാര്‍ക്ക് സ്വയം തൊഴിലിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്നതിന് 'സ്നേഹയാനം' എന്ന പദ്ധതി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കി വരുന്നുതായും  "സമഗ്ര ശിക്ഷാകേരളം''  മുഖേന നടപ്പിലാക്കി വരുന്ന സോഷ്യല്‍ ഇന്‍ക്ലൂഷന്‍ പ്രോഗ്രാം മുഖേന ഭിന്നശേഷിക്കാരുടെ രക്ഷകര്‍ത്താക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി വരുന്നുതായും മന്ത്രി മറുപടിയിൽ ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്ന നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുന്ന എല്ലാ സ്ഥാപനങ്ങളിലേയ്ക്കും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേനയുള്ള നിയമനങ്ങള്‍ക്ക് ഭിന്നശേഷിക്കാര്‍ക്ക് നാലു ശതമാനം സംവരണം സർക്കാർ നടപ്പാക്കിവരുന്നുണ്ട്. കൂടാതെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള താല്‍ക്കാലിക നിയമനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്ക് മേല്‍പ്പറഞ്ഞ പ്രകാരം സംവരണം നിലവിലുണ്ട്.

ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മാനസികവളര്‍ച്ചയില്ലായ്മ, ബഹുവൈകല്യം മുതലായ ഭിന്നശേഷിത്വമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ആണെങ്കില്‍ അവരില്‍ ഒരാള്‍ക്ക് 11.05.2023ലെ സ.ഉ(കൈ) 2/2023/സാ നീ വ നമ്പര്‍ ഉത്തരവ് പ്രകാരം ജോലിസമയത്തില്‍ ഇളവ് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്ക് ജോലി സംവരണം എന്ന വിഷയം വളരെ മാനുഷികമായാണ് സർക്കാർ  കാണുന്നതെന്നും
മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ തീവ്ര ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേനയടക്കം നടത്തി വരുന്ന താല്‍ക്കാലിക നിയമനങ്ങളില്‍ സംവരണം നടപ്പാക്കുന്ന കാര്യം ഇപ്പോള്‍ നിലവിലില്ലെന്നും അതിൻറെ നിയമപരമായ  സാധ്യത പരിശോധിച്ചതിന്  ശേഷം  അനുഭാവപൂര്‍വ്വ നടപടികൾ സ്വീകരിക്കാവുന്നതാണെന്നും മന്ത്രി ആർ ബിന്ദു മറുപടി നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home