കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിന്‌ പുതിയ മുഖം; പദ്ധതി പൂർത്തിയാക്കിയത്‌ കിഫ്ബി സഹായത്തോടെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 11, 2024, 08:32 PM | 0 min read

തിരുവനന്തപുരം > കോട്ടൂർ കാപ്പുകാട് വനത്തിലെ ആന പുനരധിവാസ കേന്ദ്രത്തിൽ കേരള വനം വകുപ്പ് കിഫ്ബി ധനസഹായത്തോടെ ഏറ്റെടുത്ത ബൃഹത് നവീകരണ പദ്ധതിക്ക് പൂർത്തീകരണമായി. നെയ്യാര്‍ ജലാശയത്തോടു ചേര്‍ന്ന് 176 ഹെക്ടറില്‍ ഒരുക്കിയിട്ടുള്ള ഈ കേന്ദ്രത്തില്‍ 50 ആനകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ പാര്‍പ്പിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ആനകള്‍ക്കുള്ള പാര്‍പ്പിടങ്ങള്‍, കുട്ടിയാനകള്‍ക്കുള്ള പ്രത്യേക പരിചരണ കേന്ദ്രം, വിപുലമായ ജല, വൈദ്യുതി വിതരണ ശൃംഖല, വെറ്റിനറി ആശുപത്രി, ഫോറസ്റ്റ് റോഡുകള്‍, ഉരുക്കുവേലികള്‍, പാപ്പാന്മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കുമുള്ള താമസസൗകര്യം, സന്ദര്‍ശകര്‍ക്കായി പാര്‍ക്കിംഗ്, കഫെറ്റീരിയ, കംഫര്‍ട്ട് സ്റ്റേഷന്‍, ആനയൂട്ട് ഗാലറി, പൂരം ഗ്രൗണ്ട്, ആന മ്യൂസിയം, പരിശീലന ഗവേഷണ കേന്ദ്രം, ഹോസ്റ്റലുകള്‍ എന്നിങ്ങനെ വിപുലമായ സൗകര്യങ്ങളാണ് നവീകരണ പദ്ധതിയുടെ ഭാഗമായി ഇപ്പോൾ പൂർത്തിയാക്കിയത്‌.

പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോട്ടൂരില്‍ നിന്നും ഈ കേന്ദ്രത്തിലേക്കുള്ള 1.7 കിലോമീറ്റര്‍ പഞ്ചായത്തു റോഡ് ആധുനിക നിലവാരത്തില്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. കോട്ടൂരിനെ കേരളത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്ന ഈ പദ്ധതി കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ വനാശ്രിത സമൂഹത്തിന്റെ തൊഴില്‍, സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുമെന്ന്‌ കരുതുന്നു. സര്‍ക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായാണ് പദ്ധതി പൂർത്തീകരിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Home