ഗവർണറുടെ നിർദേശം തള്ളി സർക്കാർ ; ഉദ്യോഗസ്ഥരെ നേരിട്ടുവിളിച്ചുവരുത്തുന്നത്‌ ഭരണഘടനാവിരുദ്ധം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 09, 2024, 12:03 AM | 0 min read


തിരുവനന്തപുരം
സംസ്ഥാന പൊലീസ്‌ മേധാവിയെയുംകൂട്ടി ഹാജരാകാൻ ചീഫ്‌ സെക്രട്ടറിക്ക്‌ ഗവർണർ നൽകിയ നിർദേശം തള്ളി സർക്കാർ. സ്വർണക്കടത്ത്‌, ഹവാല, ഫോൺ ചോർത്തൽ പരാമർശം എന്നിവയെക്കുറിച്ച് ചൊവ്വ വൈകിട്ട്‌ നാലിന്‌ നേരിട്ടു ഹാജരായി വിശദീകരിക്കാനാണ്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ഖാൻ ആവശ്യപ്പെട്ടത്‌. ആവശ്യത്തിലെ അനൗചിത്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വ രാവിലെതന്നെ രാജ്‌ഭവന്‌ കത്ത്‌ നൽകി. 

ചീഫ്‌ സെക്രട്ടറി, സംസ്ഥാന പൊലീസ്‌ മേധാവി തുടങ്ങി  ഉന്നതോദ്യോഗസ്ഥരെ നേരിട്ടുവിളിച്ചുവരുത്താൻ നിർദേശിക്കുന്നത്‌ ജനാധിപത്യ തത്വങ്ങൾക്കും ഭരണഘടനാ വ്യവസ്ഥയ്‌ക്കും എതിരാണെന്നാണ്‌ സർക്കാർ നിലപാട്‌. ഇത്‌ ഭരണഘടനയുടെ അനുച്ഛേദം 154, 163, 167 എന്നിവയ്‌ക്ക്‌ അനുസൃതമല്ല. ഗവർണർക്ക്‌ ഭരണഘടനാചുമതലകളിൽ ഉപദേശം നൽകാനുള്ള ബാധ്യത മന്ത്രിസഭയ്‌ക്കാണ്‌. ഭരണഘടനാപ്രകാരവും റൂൾസ്‌ ഓഫ്‌ ബിസിനസ്‌ പ്രകാരവും വിവരങ്ങൾ നൽകാൻ വ്യവസ്ഥയുണ്ട്‌. ഇതൊന്നുമല്ലാത്ത അസാധാരണ നിർദേശമാണ്‌ രാജ്‌ഭവൻ നൽകിയത്‌. 

പി വി അൻവർ എംഎൽഎയുടെ പരാതി കിട്ടിയതുമുതൽ സ്വീകരിച്ച നടപടികൾ ഗവർണർക്കുള്ള കത്തിൽ വിശദമാക്കിയിട്ടുണ്ട്‌. എസ്‌പി സുജിത്‌ദാസിനെ സസ്‌പെൻഡ്‌ചെയ്തത്‌, എഡിജിപി എം ആർ അജിത്‌കുമാറിനെതിരായ അന്വേഷണം, ഇതുവരെയുള്ള നടപടികൾ എന്നിവയാണ്‌ സൂചിപ്പിച്ചത്‌. ഫോൺ ചോർത്തിയതായി ആരോപിച്ച പി വി അൻവർതന്നെ,  അന്വേഷണസംഘത്തോട്‌ അത്‌ നിഷേധിച്ചിട്ടുണ്ട്‌. പൊലീസ്‌, മന്ത്രിമാരുടെയോ രാഷ്‌ട്രീയ നേതാക്കളുടെയോ ഫോൺ ചോർത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ കത്തിന്‌ ചൊവ്വ രാത്രിയോടെ രാജ്‌ഭവൻ മറുപടി അയച്ചതായാണ്‌ അറിയുന്നത്‌.  വീണ്ടും ഉദ്യോഗസ്ഥരോട്‌ ഹാജരാകാൻ  നിർദേശിച്ചിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Home