കേന്ദ്രത്തിന്റെ കണ്ണുതുറപ്പിക്കാൻ മുണ്ടക്കൈ ദുരന്തബാധിതർ ; വയനാട്ടിൽ ജനകീയ പ്രതിഷേധം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 07, 2024, 11:40 PM | 0 min read


കൽപ്പറ്റ
മൂന്നൂറോളംപേരുടെ ജീവനപഹരിച്ച മുണ്ടക്കൈ ഉരുൾപൊട്ടലുണ്ടായി രണ്ട്‌ മാസംപിന്നിട്ടിട്ടും ധനസഹായം അനുവദിക്കാത്ത കേന്ദ്രനിലപാടിനെതിരെ വയനാട്ടിൽ ജനകീയ പ്രതിഷേധം. കൽപ്പറ്റ ഹെഡ്‌ പോസ്റ്റ്‌ ഓഫീസിനുമുന്നിൽ എൽഡിഎഫ്‌ സംഘടിപ്പിച്ച സത്യഗ്രഹത്തിൽ ദുരന്തബാധിതരുൾപ്പെടെ നൂറുകണക്കിനുപേരാണ്‌ വയനാടിന്റെ കണ്ണീര്‌ കാണാത്ത മോദിസർക്കാരിനെതിരെ പ്രതിഷേധമുയർത്തിയത്‌.

ജൂലൈ 29ന്‌ രാത്രിയുണ്ടായ   ദുരന്തത്തിനുശേഷം വെള്ളപ്പൊക്കമുണ്ടായ സംസ്ഥാനങ്ങൾക്ക്‌ തുക അനുവദിച്ചിട്ടും കേരളത്തെ തഴഞ്ഞതിനെതിരെ ദുരിതബാധിതർ ശബ്ദമുയർത്തി. നാടാകെ ഒലിച്ചുപോയ ദുരന്തം പ്രധാനമന്ത്രി നേരിൽ കണ്ടിട്ടും ഒരുരൂപയുടെ സഹായം പോലും നൽകാതെ അവഗണിച്ചതിനെതിരെ പ്രതിഷേധം ജ്വലിച്ചു. വി ശിവദാസൻ എംപി സമരം ഉദ്‌ഘാടനംചെയ്‌തു. ഇ ജെ ബാബു അധ്യക്ഷനായി. 

പ്രാഥമിക ധനസഹായ നിവേദനം ആഗസ്ത്‌ 17ന്‌ കേന്ദ്രത്തിന്‌ സമർപ്പിച്ചു. 1202 കോടി രൂപയാണ്‌ കേരളം ആവശ്യപ്പെട്ടത്‌. മാസങ്ങൾ പിന്നിട്ടിട്ടും സഹായം നൽകാത്തതിനെതിരെയാണ്‌ വയനാടിന്റെ പ്രതിഷേധമിരമ്പിയത്‌.ദുരന്തമേഖലയിൽ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം സംസ്ഥാന സർക്കാർ നടത്തി. ആയിരത്തോളം കുടുംബങ്ങളെ താൽക്കാലികമായി പുനരധിവസിച്ചു. ദുരന്തബാധിതർക്ക്‌ 11.89 കോടി രൂപയുടെ സഹായം നൽകി.

സ്ഥിരപുനരധിവാസത്തിന്‌ കൽപ്പറ്റയിലും മേപ്പാടി പഞ്ചായത്തിലെ നെടുമ്പാലയിലും ടൗൺഷിപ്പ്‌ പ്രഖ്യാപിച്ച്‌ സ്ഥലമെടുപ്പ്‌ നടപടി തുടങ്ങി. തകർന്ന സ്‌കൂളുകൾ മേപ്പാടിയിൽ പുനരാരംഭിച്ചു. മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക്‌ പ്രത്യേക ധനസഹായവും പ്രഖ്യാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home