അതിജീവന നടപടികൾ ദ്രുതഗതിയിൽ : സ്പീക്കർ എ എൻ ഷംസീർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 05, 2024, 12:04 AM | 0 min read


തിരുവനന്തപുരം
വയനാട്‌ ചൂരൽമലയിലും മുണ്ടക്കൈയിലും കോഴിക്കോട്‌ വിലങ്ങാടുമുണ്ടായ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ അതിജീവനത്തിനായുള്ള സർക്കാർ നടപടികൾ ദ്രുതഗതിയിൽ മുന്നേറുകയാണെന്ന്‌ സ്പീക്കർ എ എൻ ഷംസീർ. ദുരന്തത്തിൽ മരണമടഞ്ഞവരെക്കുറിച്ചുള്ള റഫറൻസ്‌ നിയമസഭയിൽ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

ദുരന്തമുഖത്ത് കേരളമൊന്നാകെ രക്ഷാപ്രവർത്തനത്തിന്‌ മുന്നിട്ടിറങ്ങി. സഹായവുമായി ലോകത്തെമ്പാടുനിന്നും മനുഷ്യസ്നേഹികൾ മുന്നോട്ടുവന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൂലിപ്പണിക്കാർ മുതൽ അതിസമ്പന്നർവരെ സഹായമെത്തിച്ചു.  ഒരുമാസം തികയും മുമ്പേ ദുരന്തബാധിതരെ  പുനരധിവസിപ്പിച്ചത് വലിയ വാർത്തയാകേണ്ട മാതൃകാപരമായ കാര്യമായിരുന്നു. 

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ഇന്ത്യ മെറ്റിയോറോളജിക്കൽ ഡിപ്പാർട്‌മെന്റ്, നാഷണൽ സിസ്മിക് സെന്റർ, ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളുടെ സ്‌പെഷ്യൽ സെന്ററുകളും അത്യാധുനിക പഠന സൗകര്യങ്ങളുള്ള പ്രാദേശിക ഓഫീസുകളും സംസ്ഥാനത്ത് ആരംഭിക്കാൻ കേന്ദ്രം മുൻകയ്യെടുക്കണം. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ മനസിലാക്കാനാവശ്യമായ പഠനവുമുണ്ടാകണം. അങ്ങനെ കണ്ടെത്തുന്ന പ്രദേശങ്ങളിൽ നിന്ന് ജനതയെ പൂർണമായും മാറ്റി പുനരധിവസിപ്പിക്കാനുള്ള പാക്കേജുമുണ്ടാകണം.

ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട മനുഷ്യരുടെ അത്യഗാധമായ ദുഃഖത്തിൽ കേരള നിയമസഭയും പങ്കുചേരുന്നു. നാടിനെ നടുക്കിയ പ്രകൃതിദുരന്തത്തിൽ വിട്ടുപിരിഞ്ഞവർക്ക്‌ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അതോടൊപ്പം, മഹത്തായ മാനവികതയുടെ അടയാളമായി, വയനാടിനെയും കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മേഖലയെയും കരകയറ്റാൻ പ്രയത്നിച്ച വിവിധ സേനാംഗങ്ങളോടും നാട്ടുകാരോടും സന്നദ്ധസംഘടനകളോടും സർക്കാർ സംവിധാനങ്ങളോടും രാഷ്ട്രീയകക്ഷികളോടുമെല്ലാമുള്ള എല്ലാവിധ ആദരവുകളും അർപ്പിക്കുന്നതായും സ്പീക്കർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home