ഓർമകളിൽ മായാതെ 
ഷിബിൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2024, 11:57 PM | 0 min read


കോഴിക്കോട്‌
കൊല ചെയ്യപ്പെടുമ്പോൾ 19 വയസായിരുന്നു ഷിബിന്റെ പ്രായം. സഹോദരനെ രാത്രികാല പ്ലസ്‌ടു ക്ലാസ്‌ കഴിഞ്ഞ്‌ വീട്ടിലാക്കി സുഹൃത്തുക്കളെ  കാണാനിറങ്ങിയപ്പോഴാണ്‌ വെള്ളൂരിൽവച്ച്‌ ചടയങ്കണ്ടിത്താഴ ഷിബിനെ മുസ്ലിംലീഗ്‌ ക്രിമിനൽസംഘം ക്രൂരമായി വെട്ടിക്കൊന്നത്‌. 2015 ജനുവരി 22നായിരുന്നു സംഭവം.  ബൈക്കിൽ വരികയായിരുന്ന ഷിബിനെയും സുഹൃത്തിനെയും വെള്ളൂർ സ്‌കൂളിന്‌ സമീപം തടഞ്ഞുനിർത്തിയാണ്‌ തെയ്യമ്പാടി  ഇസ്‌മയിൽ, മുനീർ, വാറങ്കിത്താഴത്ത് സിദ്ദീഖ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അക്രമിച്ചത്‌.    ഡിവൈഎഫ്‌ഐ അംഗമായ ഷിബിൻ നാട്ടിലെ എല്ലാ നല്ല കാര്യങ്ങളിലും മുൻപന്തിയിലായിരുന്നു. പ്ലസ്‌ ടു പഠനം കഴിഞ്ഞ്‌ വയറിങ്‌ ജോലിക്ക്‌ പോവുകയായിരുന്ന ചെറുപ്പക്കാരൻ വീടിന്റെയും നാടിന്റെയും പ്രതീക്ഷയായിരുന്നു. 

ഷിബിനൊപ്പം ലീഗുകാരുടെ  ആക്രമണത്തിനിരയായ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകനായ രാജേഷ്‌ പറഞ്ഞത്‌ ഇന്നും നാട്ടുകാരുടെ മനസ്സിൽനിന്ന്‌ മാഞ്ഞിട്ടില്ല.  ‘പുറത്ത്‌ വെട്ടേറ്റ ഷിബിൻ തിരിഞ്ഞുനോക്കുമ്പോഴാണ്‌ മഴുകൊണ്ട്‌ ഇസ്‌മായിൽ വീണ്ടും നെഞ്ചിൽ വെട്ടിയത്‌. വീണുപോയ ഷിബിനെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ്‌ രഖിലിനെ വെട്ടിയത്‌’. നെഞ്ച്‌ നെടുകെ പിളർന്നതും കഴുത്തിന്‌ പിറകിലേറ്റ ആഴത്തിലുള്ള മുറിവുമായിരുന്നു ഷിബിന്റെ മരണകാരണം.

നാദാപുരത്ത്‌ രാഷ്‌ട്രീയ പ്രതിസന്ധിയുണ്ടാകുമ്പോഴെല്ലാം ആക്രമണം അഴിച്ചുവിട്ട്‌ രാഷ്‌ട്രീയ മുതലെടുപ്പ്‌ നടത്തുകയാണ്‌ ലീഗിന്റെ രീതി. 2001ലാണ്‌ ഡിവൈഎഫ്‌ഐ പ്രവർത്തകനായ പി വി സന്തോഷ്‌ പാറക്കടവ്‌ അങ്ങാടിയിൽ ലീഗുകാരുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്‌. ഇതേ തുടർന്നായിരുന്നു മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ, മനോരമയുടെ അനുഗ്രഹത്തോടെ ‘തെരുവമ്പറമ്പ്‌ ബലാത്സംഗം’ എന്ന നുണക്കഥപ്രചരിപ്പിച്ചത്‌. കള്ളക്കഥയിൽപ്പെടുത്തി  ഈന്തുള്ളതിൽ ബിനുവിനെ എൻഡിഎഫ്‌ ക്രിമിനലുകൾ കല്ലാച്ചി ടൗണിൽവച്ച്‌ അരുംകൊല ചെയ്‌തു. 2011ൽ നരിക്കാട്ടേരിയിൽ ബോംബ് നിർമാണത്തിനിടെ അഞ്ച്‌ ലീഗ് ചെറുപ്പക്കാർ കൊല്ലപ്പെട്ടിരുന്നു. ലീഗിന്റെ കൊലയാളി സംഘങ്ങളുടെ തെളിവായിരുന്നു ഇത്‌.   ഷിബിൻ വധക്കേസിൽ പ്രതികളെ വിചാരണക്കോടതി വെറുതെ വിട്ടപ്പോൾ  ലീഗുകാർ തെയ്യമ്പാടി  ഇസ്‌മയിലിനെ ഫ്ലക്സ്‌ വച്ച്‌ ‘ആദരിച്ചിരുന്നു’.



deshabhimani section

Related News

View More
0 comments
Sort by

Home