Deshabhimani

മൂന്നരക്കോടിയുടെ ഹൈഡ്രോ കഞ്ചാവുമായി 7 പേർ കുടകിൽ പിടിയിൽ ; പ്രതികളിൽ 3 മലയാളികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 03, 2024, 08:39 PM | 0 min read


മടിക്കേരി (കർണാടകം)
മലയാളികൾ ഉൾപ്പെട്ട അന്തരാഷ്‌ട്ര കഞ്ചാവ്‌ കടത്തുസംഘം കുടകിൽ പിടിയിൽ. കണ്ണൂരിലെ റിയാസ്‌ (44), കാസർകോട്‌ ലൈറ്റ് ഹൗസ് ലെയ്‌നിൽ മെഹറൂഫ്‌ (37), റഹൂഫ്‌ (28), കുടക്‌ ഹെഗ്ഗളയിലെ എം യു നസിറുദ്ദീൻ (26), എടപ്പാളയിലെ സി എച്ച്‌ യഹ്യ (28), കുഞ്ചില്ലയിലെ അഖനാസ്‌ (26), ബെട്ടൊളിയിലെ വാജിദ്‌ (26) എന്നിവരെയാണ്‌ കുടക്‌ എസ്‌പി കെ രാമരാജനും സംഘവും അറസ്റ്റുചെയ്തത്‌. ഇവരിൽനിന്ന്‌ മൂന്നര കോടിയോളം  രൂപ വിലമതിക്കുന്ന 3.31 കിലോ ഹൈഡ്രോ കഞ്ചാവ്‌ ശേഖരം പിടികൂടി.

തായ്‌ലാൻഡിലെ ബാങ്കോക്കിൽ കഫെ നടത്തിപ്പുകാരനായ മലയാളി മുഹമ്മദ്‌ അനൂഫ്‌ എന്നയാളാണ്‌ ഇടപാടിന്റെ സൂത്രധാരൻ. പിടിയിലായ മെഹറൂഫ്‌, റഹൂഫ്‌ എന്നിവർ മുഖേന ദുബായിലേക്കും ഇന്ത്യയിലേക്കും ഹൈഡ്രോ കഞ്ചാവ്‌ കടത്തുന്നുവെന്ന  വിവരത്തെത്തുടർന്നാണ്‌ പ്രതികളെ കുടക്‌, കേരളം എന്നിവിടങ്ങളിൽനിന്ന്‌ പിടികൂടിയത്‌. മുഖ്യപ്രതി മെഹറൂഫ്‌ തായലൻഡിലേക്ക്‌ പോകാനുള്ള യാത്രാമധ്യേ കൊച്ചി വിമാനത്താവളത്തിലാണ്‌ പിടിയിലായത്‌. കൊച്ചി വിമാനത്താവളം എമിഗ്രേഷൻ മേധാവികളായ വൈഭവ്‌ സാക്സേന, കൃഷ്ണരാജ്‌ എന്നിവരുടെ സാന്നിധ്യത്തിലാണ്‌ മെഹറൂഫിനെ കുടക്‌ പൊലീസ്‌ പിടികൂടിയത്‌.

   സംഘത്തിൽപ്പെട്ട നസിറുദ്ദീൻ, യഹ്യ, അഖനാസ്‌, റിയാസ്‌, വാജിദ്‌ എന്നിവർ കുടക്‌ ഗോണിക്കുപ്പയിലായിരുന്നു. ഗോണിക്കുപ്പയിൽനിന്ന്‌ താമസം മാറ്റുന്നതിടെ ഇവരെയും പൊലീസ്‌ പിടികൂടി. അന്താരാഷ്‌ട്രതലത്തിൽ മയക്കുമരുന്ന്‌ കടത്ത്‌ റാക്കറ്റാണ്‌ പിടിയിലായതെന്ന്‌ കുടക്‌ എസ്‌പി കെ രാമരാജൻ മടിക്കേരിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ശീതീകരിച്ച മുറികളിൽ കൃത്രിമവെട്ടത്തിൽ വളർത്തുന്ന ഹൈഡ്രോ കഞ്ചാവ്‌ ബാങ്കോക്കിൽ സുലഭമാണ്. സമ്പന്നരാണ്‌ അമിത വില നൽകി ഇത്‌ ഉപയോഗിക്കുന്നത്. നിലവിൽ പ്രതികൾ ഇത് നാട്ടുകാർക്ക് വിറ്റതായി അറിയില്ല. ബാങ്കോക്കിൽനിന്ന് ദുബായിലേക്ക് കടത്താൻ ലക്ഷ്യമിട്ടാണ്‌ കഞ്ചാവ്‌ കൊണ്ടുവന്നത്‌. ബാങ്കോക്കിൽനിന്ന് ബംഗളൂരു വിമാനത്താവളം വഴിയാണ് മയക്കുമരുന്ന് കൊണ്ടുവന്നത്‌. വിമാനത്താവളത്തിലെ  സാങ്കേതിക പിഴവുകൾ കാരണം ബംഗളൂരുവിൽവച്ച്‌ ഇവരെ പിടികൂടാൻ സാധിച്ചില്ലെന്നും എസ്‌പി പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home