കാട്ടുപന്നി ശല്യം: ഷൂട്ടേഴ്‌സിന്റെ പ്രത്യേക പാനലും സ്‌ക്വാഡും രൂപീകരിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 03, 2024, 07:44 PM | 0 min read

തിരുവനന്തപുരം > സംസ്ഥാനത്ത് കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ അവയെ വെടിവെയ്ക്കാന്‍ വൈദഗ്ധ്യമുള്ളവരെ ഉള്‍പ്പെടുത്തി പ്രത്യേക പാനല്‍ രൂപീകരിക്കാനും അവയുടെ പ്രവര്‍ത്തനം ഫലപ്രദമായി നടപ്പിലാക്കാനും തീരുമാനമായി. വനം മന്ത്രി എ കെ ശശീന്ദ്രന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. വെടിവെക്കാന്‍ വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളിലെ സർവീസില്‍ നിന്നും വിരമിച്ചവര്‍, വിരമിച്ച ജവാന്മാര്‍, റൈഫിള്‍ ക്ലബ്ബില്‍ അംഗങ്ങളായിട്ടുള്ളവര്‍ തുടങ്ങി ഇതില്‍ താല്‍പര്യമുള്ളവരെ ഉള്‍പ്പെടുത്തിയാണ് പാനല്‍ തയ്യാറാക്കുന്നത്.

പ്രശ്‌നബാധിത മേഖലകളില്‍ തയ്യാറാക്കിയ ഷൂട്ടേഴ്‌സിന്റെ പാനല്‍ വിപുലീകരിക്കും. റൈഫിള്‍ ക്ലബ് അംഗങ്ങള്‍, വിരമിച്ച ജവാന്മാര്‍, ലൈസന്‍സ് ഉള്ളതും തോക്ക് ഉള്ളതുമായവര്‍ എന്നിവരെ നിലിവിലുള്ള പാനലില്‍ ഉള്‍പ്പെടുത്തി വിപുലീകരിക്കും. പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ക്ക് ഈ പാനലില്‍ നിന്നും ഷൂട്ടേഴ്‌സിനെ തിരഞ്ഞെടുക്കാവുന്നതും ഭൂപ്രദേശങ്ങളുമായി പരിചയമുള്ള ആളുകളെ ഉള്‍പ്പെടുത്തി സ്‌ക്വാഡ് രൂപീകരിക്കാവുന്നതുമാണ്. ഷൂട്ടേഴ്‌സിനുള്ള തുക അനുവദിക്കാന്‍ ദുരന്തനിവാരണ ഫണ്ട് ഉപയോഗിക്കാന്‍ ആവശ്യപ്പെടും. ജഡം സംസ്കരിക്കുന്നതിനുള്ള ചെലവ് തുക വര്‍ദ്ധിപ്പിക്കും. ഇതിനും ദുരന്തനിവാരണ ഫണ്ട് അനുവദിക്കാന്‍ ആവശ്യപ്പെടും. വന്യജീവി ആക്രമണം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രത്യേക ഫണ്ട് ആവശ്യപ്പെടുന്നത്.

പൊലീസ്, റവന്യു, കൃഷി, തദ്ദേശസ്വയംഭരണം, ആഭ്യന്തരം, ധനകാര്യം, വനം എന്നീ വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി/ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ യോഗം ചേര്‍ന്ന് പ്രപ്പോസല്‍ നടപ്പിലാക്കുന്നതിന് ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിനായി ഇവരുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കും.

ആവശ്യമായ പ്രപ്പോസല്‍ ഒരാഴ്ചയ്ക്കകം തയ്യാറാക്കി മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിക്കും. പ്രപ്പോസല്‍ തയ്യാറാക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ ചുമതലപ്പെടുത്തി. മലയോര മേഖലയിലെ എംഎല്‍എമാരില്‍ നിന്നും ഫലപ്രദമായ നിര്‍ദ്ദേശങ്ങള്‍ തേടാനും യോഗത്തില്‍ തീരുമാനമായി.

ജനവാസ മേഖലയില്‍ ഇറങ്ങി മനുഷ്യന്റെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാന്‍ വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരെയും താല്‍പര്യമുള്ള ആളുകളെയും ലഭ്യമാകുന്നില്ല എന്ന പ്രശ്നം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രത്യേക ഷൂട്ടര്‍മാരുടെ പാനലും സ്‌ക്വാഡും രൂപീകരിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home