കീരീടം നൽകിയ കീരിക്കാടൻ ജോസ് ഇനി ഓർമ്മകളിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 03, 2024, 06:32 PM | 0 min read

തിരുവനന്തപുരം >  അരങ്ങിലെത്തിയ കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുക എന്നുള്ളത് ഒരു കലാകാരന് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയാണ്. കിരീടം സിനിമയുടെ ഷൂട്ടിങ് നടന്ന  വെള്ളായണി കായലിലെ പാലം അറിയപ്പെടുന്നത് കിരീടം പാലമെന്നാണ്. എന്നാൽ അതിലും മുൻപ് തന്നെ ആ സിനിമയിലെ കഥാപാത്രത്തെ  അവതരിപ്പിച്ച നടൻ സ്വന്തം പേരാക്കി മാറ്റിയിരുന്നു. സ്വയമേ നിശ്ചയിച്ചതല്ല. പ്രേക്ഷകരും നാടും നടനെ തിരിച്ചറിഞ്ഞത് തന്നെ ആ പേരിലായിരുന്നു.

 കീരിക്കാടൻ ജോസ് എന്നത് നടൻ മോഹൻ രാജിന്റെ, അദ്ദേഹം അഭിനയിച്ച സിനിമയിലെ ഒരു കഥാപാത്രത്തിന്റെ പേര് മാത്രമാണ് എന്നത് പലർക്കും പുതിയ അറിവാണ്. മോഹൻ രാജിന്റെ  വിയോ​ഗത്തോടെയാണ് ഒരു പക്ഷെ കീരിക്കാടനിൽ നിന്നും മോഹൻ രാജെന്ന പേര് ഭൂരിപക്ഷം മലയാളികളും തിരിച്ചറിയുന്നത്.  കിരീടം എന്ന സിനിമ എത്രത്തോളമാണ് മലയാളി കൊണ്ടാടിയത് അതുപോലെ തന്നെ കീരിക്കാടനും മലയാളിയുടെ മനസ്സിൽ മരിക്കാത്ത വില്ലനാകുകയായിരുന്നു.

കെ മധു സംവിധാനം ചെയ്ത 1988 ൽ പുറത്തിറങ്ങിയ മൂന്നാംമുറയാണ് ആദ്യ ചിത്രം. നടനെന്ന നിലയിൽ പ്രശസ്തി നേടിയത് കിരീടത്തിലെ കീരിക്കാടനിലൂടെയാണ്. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുമ്പോഴാണ് കിരീടത്തിൽ അഭിനയിക്കാനുള്ള അവസരം മോഹൻ രാജിനെ തേടിയെത്തിയത്. ചിത്രം വൻ ഹിറ്റായതോടെ മോഹൻരാജ് മലയാളത്തിലെ എണ്ണം പറഞ്ഞ വില്ലനായി. നാട്ടിൽ വില്ലത്തരം കാണിച്ചു നടന്ന പലർക്കും കീരിക്കാടൻ എന്ന ഇരട്ടപ്പേര് വീണു.

കഴുമലൈ കള്ളൻ, ആൺകളെ നമ്പാതെ തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ ചെറിയ കഥാപാത്രങ്ങൾ ചെയ്താണ് മോഹൻരാജിന്റെ തുടക്കം.  1988 ൽ മലയാള സിനിമയിൽ എത്തിയ മോഹന്‍ രാജ് നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങി. അര്‍ത്ഥം, വ്യൂഹം, രാജവാഴ്ച, മറുപുറം, പുറപ്പാട്, കാസര്‍കോട് കാദര്‍ഭായ്, ഉപ്പുകണ്ടം ബ്രദേഴ്‌സ്, ചെങ്കോല്‍, ആറാം തമ്പുരാന്‍, വാഴുന്നോര്‍, പത്രം, നരസിംഹം, നരന്‍, മായാവി തുടങ്ങി 35-ഓളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. ഹലോ എന്ന മോഹൻലാൽ ചിത്രത്തിൽ ഹാസ്യതാരമായും മോഹൻ രാജ് പ്രത്യക്ഷപ്പെട്ടു.

2015-ല്‍ ചിറകൊടിഞ്ഞ കിനാക്കളിലും  2022-ല്‍ മമ്മൂട്ടിയുടെ റോഷാക്കിലും വേഷമിട്ടു. കന്നട നടനെയാണ് കീരിക്കാടൻ ജോസായി ആദ്യം സിബി മലയിൽ കാസ്റ്റ് ചെയ്തിരുന്നത്. അവിചാരിതമായി സംവിധായകൻ കലാധരനോടൊപ്പം ഹോട്ടൽ മുറിയിൽ വച്ച് മോഹൻ രാജിനെ കണ്ടതോടെയാണ് എക്കാലത്തെയും മികച്ച വില്ലനായി മലയാള സിനിമയിൽ ചരിത്രം കുറിക്കുവാൻ കീരിക്കാടനായത്.

അസിസ്റ്റന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസറായി മോഹന്‍ രാജ് കോഴിക്കോട് ജോലി ചെയ്യുമ്പോഴാണ് കിരീടം റിലീസ് ചെയ്യുന്നത്. ജോലിയില്‍ നിന്ന് വിരമിച്ചശേഷം കുടംബത്തോടൊപ്പം ചെന്നൈയിലായിരുന്നു താമസം



deshabhimani section

Related News

View More
0 comments
Sort by

Home