ബോർഡിൽ കയറിനിന്നും ഓടിനടന്നും കരുക്കൾ നീക്കാം; ചെസ് ഗ്രൗണ്ടിലേക്ക്‌ സ്വാഗതം...

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 02, 2024, 10:18 AM | 0 min read

തിരുവനന്തപുരം > തിരുവനന്തപുരം നഗരത്തിൽ നിരവധി പാർക്കുണ്ടെങ്കിലും രാവും പകലും ചെസ് കളിക്കാവുന്നത്‌ കനകക്കുന്നിലെ ക്യാപ്‌റ്റൻ ലക്ഷ്‌മി പാർക്കിലാണ്‌. തലനിറയെ തന്ത്രങ്ങളുമായി കൈവീശിയിങ്ങു പോന്നാൽമതി. അഞ്ചുമീറ്റർ വീതിയിലും നീളത്തിലും കൂറ്റൻ ചെസ് ബോർഡ്‌ ഇവിടെയുണ്ട്‌. ഒരു മൂലയ്‌ക്കിരുന്ന്‌ കളിക്കണ്ട. ചെസ്‌ബോർഡിൽ കയറിനിന്നും ഓടിനടന്നും കരുക്കൾ നീക്കാം. ‘ചെസ് ഗ്രൗണ്ട്‌’ എന്നുതന്നെ വിളിക്കാം. മുട്ടോളം ഉയരമുള്ള കരുക്കളും ഉണ്ട്‌.

പാർക്ക്‌ തുറക്കുന്നതുമുതൽ അടയ്‌ക്കുന്നതുവരെ ആർക്കും ചെസ് കളിക്കാം. ‘കരുക്കളും ബോർഡും നശിപ്പിക്കരുത്‌’ എന്ന്‌ മാത്രമാണ്‌ പാർക്ക്‌ പരിപാലിക്കുന്ന കോർപറേഷന്റെ അഭ്യർഥന. അത്‌ കൃത്യമായി കളിക്കാർ പാലിക്കുന്നുമുണ്ട്‌. പതിവായി ഇവിടെ മത്സരിക്കാനെത്തുന്നവരുണ്ട്‌. ടീമായും സിംഗിളായും മത്സരിക്കാറുണ്ടെന്ന്‌ സംസ്ഥാന മത്സരങ്ങളിലുൾപ്പെടെ പങ്കെടുക്കുന്ന ശ്യാം പറയുന്നു.

ചെന്നൈയിൽ നടന്ന ചെസ്‌ ഒളിമ്പ്യാഡിന്റെ ഔദ്യോഗിക മീഡിയ പാർട്‌ണർ ആയിരുന്ന ‘ചെസ് ബേസ്‌ ഇന്ത്യ’ യുട്യൂബ്‌ ചാനൽ ഉൾപ്പെടെ ക്യാപ്‌റ്റൻ ലക്ഷ്‌മി പാർക്കിലെ ഓപ്പൺ ചെസ് ഗ്രൗണ്ടിനെക്കുറിച്ച്‌ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇന്ത്യയിൽത്തന്നെ അപൂർവമാണ്‌ ഇതെന്നാണ്‌ ചാനലിന്റെ അഭിപ്രായം. വാട്ടർ അതോറിറ്റിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന പാർക്ക്‌ കോർപറേഷൻ ഏറ്റെടുത്ത്‌ സ്‌മാർട്ട്‌സിറ്റി പദ്ധതിയിൽ നവീകരിച്ചാണ്‌ ചെസ് ഗ്രൗണ്ട്‌ നിർമിച്ചത്‌. തിരക്കേറിയ പാർക്കിൽ ആരോഗ്യസംരക്ഷണത്തിന്‌ ഓപ്പൺജിം ഉൾപ്പെടെയുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home