ടിപ്പുകൾക്ക്‌ പിന്നിലെ ട്രിക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 19, 2024, 01:57 AM | 0 min read

ഫെയ്‌സ്‌ബുക്കിലെ ആകർഷകമായ പരസ്യംകണ്ടാണ്‌ വേങ്ങര സ്വദേശി ഇൻവെസ്റ്റ്‌മെന്റ്‌ ട്രേഡിങ്ങിന്‌ താൽപ്പര്യം അറിയിച്ചത്‌. ലിങ്കിൽ ക്ലിക്ക്‌ ചെയ്തതും വാട്‌സാപ്‌ ഗ്രൂപ്പിലെത്തി. അഡ്‌മിൻ പാനലിലുള്ള നമ്പറിൽനിന്ന്‌ ചീഫ്‌ സ്‌ട്രാറ്റജിക്‌ അനലിസ്‌റ്റെന്ന്‌ പരിചയപ്പെടുത്തിയയാൾ ബന്ധപ്പെട്ടു. ഇയാൾ അയച്ച ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്‌തതോടെ മറ്റൊരു ഗ്രൂപ്പിൽ എത്തി. അവിടെ എല്ലാവർക്കും പറയാനുള്ളത്‌ ലാഭക്കഥകൾ.

ഓഹരി സൂചികകളും വാർത്തകളും പണമിടപാടിന്റെ ടിപ്പുകളുമായിരുന്നു ഗ്രൂപ്പിൽ നിറയെ. 20,000 രൂപ നിക്ഷേപിക്കാൻ സന്നദ്ധത അറിയിച്ചതോടെ അഞ്ചുപേരുള്ള മറ്റൊരു വാട്‌സാപ്‌ ഗ്രൂപ്പിൽ ചേർത്തു. സംശയ നിവാരണത്തിന്‌ കസ്റ്റമർ കെയറിൽനിന്നുള്ള ഫോൺ കോളുകൾ. ആപ്പിൽ നിക്ഷേപത്തിന്റെ മൂല്യം കൂടിക്കൊണ്ടിരുന്നത്‌ വിശ്വാസ്യത വർധിപ്പിച്ചു. എന്നാൽ, നിക്ഷേപം ഒരുകോടി പിന്നിട്ടതോടെ കാര്യങ്ങൾ മാറി.

തുക പിൻവലിക്കാൻ വലിയ നികുതി വേണമെന്നായി. എത്തിപ്പെട്ടത്‌ ചതിക്കുഴിയിലാണെന്ന്‌ തിരിച്ചറിഞ്ഞപ്പോഴേക്ക്‌ എല്ലാം നഷ്ടപ്പെട്ടു. വാട്‌സാപ്‌ ഗ്രൂപ്പ്‌ നിശ്ശബ്ദമായി. കസ്റ്റമർ കെയറിൽ ഫോൺ എടുക്കാതായി. പൊലീസിൽ പരാതിയുമായി എത്തുമ്പോൾ 1.8 കോടിരൂപ നഷ്ടമായിരുന്നു. ഇത്‌ ഒറ്റപ്പെട്ട സംഭവമല്ല. കോഴിക്കോട്‌ ബിസിനസുകാരന്‌ 4.8 കോടി രൂപയാണ്‌ നഷ്ടമായത്‌. സംസ്ഥാനത്ത്‌ അടുത്തിടെ രജിസ്‌റ്റർചെയ്യുന്ന സൈബർ തട്ടിപ്പുകളിൽ ഭൂരിഭാഗവും ഇൻവെസ്റ്റ്‌മെന്റ്‌ ട്രേഡിങ് വിഭാഗത്തിലാണ്‌.
തട്ടിപ്പിന്റെ രീതി

സമൂഹമാധ്യമങ്ങളിൽ സൗജന്യ ട്രേഡിങ് ടിപ്‌സ്‌ ക്ലാസുകളെക്കുറിച്ച്‌ പരസ്യം നൽകും. ഇതിൽ കൊത്തുന്നതോടെ വാട്‌സാപ്‌, ടെലഗ്രാം ഗ്രൂപ്പുകളിൽ ചേർക്കും. ഓഹരികൾ വാങ്ങാനും വിൽക്കാനും ടിപ്പുകൾ നൽകി നിക്ഷേപത്തിന്‌ പ്രേരിപ്പിക്കും. യഥാർഥ ട്രേഡിങ് കമ്പനികളുടെ വ്യാജ ആപ്പ്‌ ഡൗൺലോഡ്‌ ചെയ്യാൻ പ്രേരിപ്പിക്കും. ഡിജിറ്റൽ വാലറ്റിൽ വ്യാജ ലാഭം കാണിക്കും. ലക്ഷങ്ങൾ നിക്ഷേപമാകുന്നതോടെ പിൻവലിക്കാൻ ഇടപാടുകാർ ശ്രമിക്കും. പക്ഷേ, നിബന്ധനകൾ കർശനമാകും. ഒടുവിൽ ആപ്പുകൾ നിശ്‌ചലമാകും.  
ശ്രദ്ധിക്കാം

● അസാധാരണ ലാഭം വാഗ്ദാനംചെയ്യുന്ന നിക്ഷേപങ്ങളിൽ ജാഗ്രത പുലർത്തുക
● ആപ്പുകൾ ഡൗൺലോഡ്‌ ചെയ്യുംമുമ്പ്‌ അംഗീകൃതമെന്ന്‌ ഉറപ്പാക്കുക
● കമ്പനിയോ ബ്രോക്കറോ സെക്യൂരിറ്റീസ്‌ ആൻഡ്‌ എക്സ്‌ചേഞ്ച്‌ ബോർഡ്‌ ഓഫ്‌ ഇന്ത്യപോലുള്ള റെഗുലേറ്ററി അതോറിറ്റികളിൽ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്ന്‌ ഉറപ്പാക്കുക
(അവസാനിക്കുന്നില്ല)



deshabhimani section

Related News

View More
0 comments
Sort by

Home