ഗൾഫിലെ ഓണസദ്യ ; കയറ്റിയയച്ചത്‌ 
450 ടൺ 
ഉൽപ്പന്നങ്ങൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 15, 2024, 01:06 AM | 0 min read


കണ്ണൂർ
ഗൾഫ്‌ രാജ്യങ്ങളിലെ ഓണാഘോഷത്തിന്‌ കണ്ണൂരിൽനിന്ന്‌ കയറ്റിയയച്ചത്‌  450 ടൺ ഉൽപ്പന്നങ്ങൾ. പച്ചക്കറികൾ, പഴവർഗങ്ങൾ, പൂക്കൾ, വാഴയില തുടങ്ങിയവയാണ്‌  വിമാനത്താവളത്തിലെ കാർഗോ സർവീസിലൂടെ  ഗൾഫ്‌ രാജ്യങ്ങളിലേക്ക്‌ കൊണ്ടുപോയത്‌.

മാസം ശരാശരി 300 ടണ്ണോളം ഉൽപ്പന്നങ്ങളാണ്‌ കൊണ്ടുപോകാറുള്ളത്‌. പ്രവാസി മലയാളികളുടെ ഓണാഘോഷം കെങ്കേമമാക്കാൻ   ഈ മാസം നൂറ്‌ ടൺ അധികം കയറ്റുമതിചെയ്‌തു. ദുബായ്‌, ഷാർജ, അബുദാബി, മസ്‌കറ്റ്‌, റിയാദ്‌, ജിദ്ദ, കുവൈത്ത്‌, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്കാണ്‌  ഉൽപ്പന്നങ്ങൾ അയച്ചത്‌. 

തക്കാളിയും ഉള്ളിയും ഒഴികെയുള്ള പച്ചക്കറികളും കടൽകടന്നു. വെണ്ട, മുരിങ്ങ, പടവലം, പാവയ്‌ക്ക, ഇഞ്ചി, ചെറിയ ഉള്ളി, മാങ്ങയിഞ്ചി, ഇരുമ്പൻ പുളി എന്നിവയ്‌ക്കും കറിവേപ്പിലയ്‌ക്കുമാണ്‌ ആവശ്യക്കാർ കൂടുതൽ.  അച്ചാറുകളും ശർക്കരവരട്ടിയും അയച്ചിട്ടുണ്ട്‌.  നേന്ത്രപ്പഴവും ചെറുപഴവും കൂടുതലായി അയച്ചു.  

കർണാടകത്തിൽനിന്നുള്ള ജമന്തിയും ചെണ്ടുമല്ലിയും പനിനീരും ഉൾപ്പെടെ അഞ്ച്‌ ടൺ പൂക്കളാണ്‌ ഓണപ്പൂക്കളം ഒരുക്കാൻ കൊണ്ടുപോയത്‌.  500 കിലോ വാഴയിലയും ഗൾഫ്‌ നാടുകളിലെത്തി.  യാത്രക്കാർ സ്വന്തം ബാഗേജിൽ കൊണ്ടുപോയവയിൽ ഭൂരിഭാഗവും ഓണസദ്യയ്‌ക്കുള്ള വിഭവങ്ങളാണ്‌. കാർഗോ വിമാനം ഇല്ലാത്തതിനാൽ എയർഇന്ത്യ എക്‌സ്‌പ്രസ്‌, ഇൻഡിഗോ വിമാനങ്ങളിലാണ്‌ ഗൾഫ്‌ രാജ്യങ്ങളിലേക്ക്‌ ഉൽപ്പന്നങ്ങൾ അയക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home